ധനകാര്യം

അമിത വേ​ഗത്തിന് നോട്ടീസ് ലഭിച്ചോ ?; ഉടൻ പിഴ അടച്ചില്ലെങ്കിൽ രജിസ്ട്രേഷനും ലൈസൻസും പോകും ; നിലപാട് കടുപ്പിച്ച് ​ഗതാ​ഗതവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അമിതവേഗതയിൽ പാഞ്ഞുപോയതിന് ക്യാമറയിൽ കുടുങ്ങിയതിന് നോട്ടീസ് ലഭിച്ചവർ പിഴത്തുക അടച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ​ഗതാ​ഗത വകുപ്പ് തീരുമാനിച്ചു. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി. അമിത വേ​ഗതയ്ക്ക് കഴിഞ്ഞ വർഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതിൽ 15 % പേർ പിഴയടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ​ഗതാ​ഗത വകുപ്പ് കർക്കശ നിലപാടുമായി മുന്നോട്ടുപോകുന്നത്. 

2017ലും 2018ലുമായി അമിതവേഗത്തിൽ 5 തവണയും അതിലേറെ തവണയും കുടുങ്ങിയത് 48,000 വാഹനങ്ങളാണ്. 5 തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേർക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. കഴിഞ്ഞ വർഷം10 തവണയിൽ കുടുതൽ കുടുങ്ങിയ 2500 പേർ പണമടയ്ക്കാനുണ്ട്. രണ്ടു മാസത്തിനിടെ 50 തവണ അമിത വേഗത്തിനു പിഴയടച്ച വാഹനയുടമകളുണ്ട്. ഒറ്റ യാത്രയിൽ തന്നെ 7 തവണ അമിത വേഗത്തിനു കുടുങ്ങിയവരുമുണ്ട്. 25 തവണയിൽ കുടുതൽ കുടുങ്ങിയിട്ടും പണമടയ്ക്കാത്ത 497 പേരുണ്ട്. 10നും 25നും ഇടയിൽ തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാത്തവർ 25,825 പേരാണ്. 

ഒരു തവണ ക്യാമറയിൽ കുടുങ്ങിയാൽ 400 രൂപയാണ് പിഴ. നോട്ടീസ് തപാൽ വഴി ലഭിച്ചിട്ടില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിച്ചാൽ ക്യാമറയിൽ കുടുങ്ങിയോ എന്നറിയാനാകും. അഞ്ചു തവണ അമിതവേഗത്തിനു പിടിയിലായാൽ ലൈസൻസ് റദ്ദാക്കുമെന്ന് നേരത്തെ  തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. 2017ൽ 4287 പേരാണ് റോഡപകടത്തിൽ മരിച്ചത്. അതിലേറെയും അമിത വേ​ഗം കൊണ്ടുണ്ടായ അപകടങ്ങളാണ്. 

ദേശീയ പാതകളിൽ വേഗത്തിന്റെ തോത് കൂട്ടി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലെ ദേശീയപാതകളുടെ അവസ്ഥ പരിഗണിച്ച് സംസ്ഥാനസർക്കാർ നിലവിലുള്ള വേഗത്തിന്റെ തോത് ഉയർത്തിയില്ല. നാലുവരി പാതയിൽ കേന്ദ്രസർക്കാർ 100 കിലോമീറ്റർ വേഗമാണ് കാറുകൾക്ക് നിർദേശിക്കുന്നത്. നഗരപരിധിയിൽ 70 കിലോമീറ്ററാണ്. പക്ഷേ കേരളത്തിൽ ദേശീയ പാതയിൽ 85 കിലോമീറ്ററും, സംസ്ഥാന പാതയിൽ 80 കി.മീറ്ററും. നാലുവരിപ്പാതയിൽ 90 കിലോമീറ്റർ, മറ്റു റോഡുകളിൽ 70, നഗരപരിധിയിൽ 50 കിലോമീറ്റർ എന്നിങ്ങനെയുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത