ധനകാര്യം

വല്ലാര്‍പാടം ടെര്‍മിനലില്‍ ഇളവ് കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രം; സംസ്ഥാനത്തെ ഇടപാടുകാര്‍ക്കും ആനുകൂല്യം വേണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ കേരളത്തിനു പുറത്തുനിന്നുള്ള ഇടപാടുകാര്‍ക്കു നല്‍കുന്ന ഇളവ് സംസ്ഥാനത്തിന് അകത്തെ ഇടപാടുകാര്‍ക്കും നല്‍കണമെന്ന് ആവശ്യം. ടെര്‍മിനലിന്റെ നിയന്ത്രണാധികാരമുള്ള ഡിപി വേള്‍ഡ്, ചരക്കുനീക്കത്തിന് കേരളത്തിനു പുറത്തെ ഇടപാടുകാര്‍ക്കു മാത്രമാണ് പ്രത്യേക ഫീസിളവ് നല്‍കുന്നത്. കോവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച നിലവിലെ സാഹചര്യത്തില്‍ കേരളത്തിനകത്തെ ഇടപാടുകാര്‍ക്കും ഇളവ് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

തുറമുഖത്തേക്ക് കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കാനാണ് ടെര്‍മിനല്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജില്‍ ഉള്‍പ്പെടെ ഇളവുകള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ഇത്, എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നാണ് കേരളത്തില്‍ നിന്നുള്ള കയറ്റുമതിഇറക്കുമതിക്കാരുടെ ആവശ്യം.

തുറമുഖത്ത് നിശ്ചിത ദിവസം ചരക്കുകള്‍ (കാര്‍ഗോ) സൗജന്യമായി (ഫ്രീ പീരീഡ്) സൂക്ഷിക്കാനാകും. ഫ്രീ പിരീഡിന് ശേഷമുള്ള സ്‌റ്റോറേജിന് ഈടാക്കുന്ന 'ഡെമറേജ്' ഫീ, കയറ്രുമതിഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പ്രത്യേകമുള്ള ഫീ തുടങ്ങിയവയിലാണ് മറ്റു സംസ്ഥാനങ്ങളിലെ ഇടപാടുകാര്‍ക്ക് നിരക്കിളവ്. ടെര്‍മിനല്‍ വഴിയുള്ള ചരക്കുനീക്കത്തിന്റെ സിംഹഭാഗവും കേരളത്തില്‍ നിന്നാണെങ്കിലും ഏതാനും വര്‍ഷങ്ങളായി ഇതു കുറയുകയാണ്.

ഈ സാഹചര്യത്തിലാണ്, ടെര്‍മിനലിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നതലത്തില്‍ നിലനിറുത്താനായി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് 'ആകര്‍ഷക ഡിസ്‌കൗണ്ട്' വാഗ്ദാനം ചെയ്ത് ഇടപാടുകാരെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ആനുകൂല്യം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടി നല്‍കണമെന്നാണ് ആവശ്യം.

ടെര്‍മിനലില്‍ നിന്നുള്ള വരുമാനത്തിന്റെ 33.33 ശതമാനം കൊച്ചി തുറമുഖ ട്രസ്റ്രിന് ഡി.പി. വേള്‍ഡ് നല്‍കണമെന്നാണ് ചട്ടം. ഈ വിഹിതത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്ര് അനുവദിക്കുന്ന ഇളവ് ഡി.പി. വേള്‍ഡ് ഷിപ്പിംഗ് ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഷിപ്പിംഗ് ഏജന്‍സികളാണ് ഇടപാടുകാര്‍ക്ക് ആനുകൂല്യം കൈമാറേണ്ടത്. ആനുകൂല്യം, കേരളത്തിന് വെളിയിലുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ മേയ് മൂന്നുവരെയുള്ള കാലയളവില്‍ തുറമുഖത്ത് ചരക്കുകള്‍ സൗജന്യമായി സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് കൊച്ചി ഉള്‍പ്പെടെ 12 മേജര്‍ തുറമുഖങ്ങള്‍ക്കും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ലോക്ക്ഡൗണില്‍ ചരക്കുനീക്കത്തിന് ഇടപാടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിന് പിഴ ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ മേയില്‍ ഏപ്രിലിനേക്കാള്‍ 59 ശതമാനം വളര്‍ച്ചയോടെ 42,000 ടി.ഇ.യു കണ്ടെയ്‌നറുകള്‍ ഡി.പി. വേള്‍ഡ് കൈകാര്യം ചെയ്തു. 35 വെസലുകളുമെത്തി. റെയില്‍ മാര്‍ഗം ടെര്‍മിനലിലേക്ക് 1,500 ടി.ഇ.യു കണ്ടെയ്‌നറുകളും വന്നു. ലോക്ക്ഡൗണിന് മുമ്പ് പ്രതിമാസ ശരാശരി റെയില്‍ ചരക്ക് 300 ടി.ഇ.യു മാത്രമായിരുന്നു. മണിക്കൂറില്‍ 32 ക്രെയിന്‍ മൂവ്‌മെന്റ് നടന്നു. ഇത്, ആഗോള ശരാശരിക്കൊപ്പമാണ്. 27 മിനുട്ട് മാത്രമായിരുന്നു ട്രക്ക് ടേണ്‍ എറൗണ്ട് ടൈം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്