ധനകാര്യം

വായ്പയെടുത്തവര്‍ക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പകള്‍ പുനഃ സംഘടിപ്പിക്കാന്‍ അനുവദിച്ച്  റിസര്‍വ് ബാങ്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. കോവിഡിന്റെ ആദ്യ സമയത്ത് പ്രഖ്യാപിച്ച ഒന്നാം ഘട്ട വായ്പ പുനഃ സംഘടന സൗകര്യം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് പുതിയ പദ്ധതി.

കോവിഡിന്റെ ആദ്യ തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഈസമയത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ പുനഃ സംഘടന പദ്ധതി അനുവദിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ വായ്പ പുനഃ സംഘടന പദ്ധതിയാണ് റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം വായ്പകള്‍ പുനഃക്രമീകരിക്കാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് റിസര്‍വ് ബാങ്ക് പുതിയ പദ്ധതി അനുവദിച്ചത്. മാര്‍ച്ച് വരെ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുകളായി കണക്കാക്കിയിരുന്ന വായ്പകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 

സെപ്റ്റംബര്‍ 30 വരെയാണ് ഇതിന് പ്രാബല്യം. അപേക്ഷിച്ച് 90 ദിവസത്തിനകം ഇത് നടപ്പാക്കണം. ഇത് ഒറ്റത്തവണ പദ്ധതിയാണ്. ആദ്യത്തെ വായ്പ പുനഃ സംഘടന പദ്ധതി പ്രയോജനപ്പെടുത്തിയവര്‍ക്കും റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വായ്പ പദ്ധതി പുതുക്കാനും മൊറട്ടോറിയം കാലാവധി നീട്ടാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ഒന്നാം കോവിഡ് തരംഗത്തില്‍ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നേരിടുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ബാങ്കുകളെ സഹായിക്കാന്‍ 50000 കോടി രൂപ വായ്പയായി അനുവദിക്കും. ആശുപത്രികള്‍, ഓക്‌സിജന്‍ വിതരണക്കാര്‍, വാക്‌സിന്‍ ഇറക്കുമതിക്കാര്‍, കോവിഡ് മരുന്നുകള്‍ എന്നിവയ്ക്ക് വായ്പ അനുവദിക്കാനാണ് ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പുവരുത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെയാണ് വായ്പ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വായ്പ പുനഃസംഘടന സൗകര്യം പ്രയോജനപ്പെടുത്താത്ത ചെറുകിട കച്ചവടക്കാര്‍ക്കും, വ്യക്തികള്‍ക്കും 25 കോടി രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കെവൈസി വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കും. വീഡിയോ അടിസ്ഥാനമാക്കിയുള്ള കൈവൈസി നടപടികള്‍ സ്വീകരിക്കും. ബാങ്കുകളില്‍ ഇടപാടുകാര്‍ നേരിട്ട് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത