ധനകാര്യം

15.5 ലക്ഷം വരുമാനമുള്ളവര്‍ക്ക് 52,500 രൂപയുടെ നേട്ടം, ഏഴുലക്ഷം വരുമാനമുളളവര്‍ക്ക് 33,800 രൂപയുടെ കിഴിവ്; പുതിയ ഇളവ് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ ഇളവ് അനുവദിച്ച ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നത് ഇടത്തരക്കാര്‍ക്ക്. പുതിയ ആദായനികുതി രീതി തെരഞ്ഞെടുത്ത പ്രതിവര്‍ഷം ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല എന്നതാണ് ബജറ്റ് നിര്‍ദേശം. റിബേറ്റ് പരിധി ഉയര്‍ത്തിയത് കൊണ്ടാണ് ഈ നേട്ടം. നിക്ഷേപങ്ങളിന്മേല്‍ നികുതി ഇളവ് തേടാത്തവരാണ് പുതിയ നികുതി രീതി സ്വീകരിക്കുന്നത് എന്നത് കൊണ്ട് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കാനും ബജറ്റ് നിര്‍ദേശിച്ചു.

2020-21 സാമ്പത്തികവര്‍ഷത്തിലാണ് പുതിയ നികുതി രീതി അവതരിപ്പിച്ചത്. 2023-24 ബജറ്റില്‍ പുതിയ നികുതി രീതിയില്‍ സ്ലാബുകളുടെ എണ്ണം കുറച്ച് ലളിതമാക്കുകയും ചെയ്തു. ആറില്‍ നിന്ന് അഞ്ചാക്കിയാണ് കുറച്ചത്. നിലവില്‍ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയതും ഇടത്തരക്കാര്‍ക്ക് പ്രയോജനം ചെയ്യും. 

നിലവില്‍ പഴയ നികുതിരീതിയിലും പുതിയതിലും പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. അഞ്ചുലക്ഷം രൂപ വരെ റിബേറ്റ് അനുവദിച്ചത് കൊണ്ടാണ് നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ ആദായ നികുതി രീതി പിന്തുടര്‍ന്നവര്‍ക്ക് വീണ്ടും ഇളവ് അനുവദിച്ചാണ് റിബേറ്റ് പരിധി ഏഴുലക്ഷമാക്കി ഉയര്‍ത്തിയത്.

പുതിയ നികുതി രീതി അനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. മൂന്ന് ലക്ഷത്തിനും ആറുലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് അഞ്ചുശതമാനം നികുതി നല്‍കണം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെയാകുമ്പോള്‍ നികുതി നിരക്ക് 10 ശതമാനമാണ്. 9-12 ലക്ഷത്തിന് ഇടയില്‍ 15 ശതമാനവും 12നും 15നും ഇടയില്‍ 20 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമാണ് നികുതിയെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ 2023-24 ബജറ്റില്‍ റിബേറ്റ് പരിധി ഉയര്‍ത്തിയതോടെ, ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നു.

പുതിയ ഇളവ് വഴി ഏഴുലക്ഷം രൂപ വരെ വരുമാനമുളളവര്‍ക്ക് 33,800 രൂപ ലാഭിക്കാന്‍ സാധിക്കും. പത്തുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 23,400 രൂപയും 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 49,400 രൂപയും ലാഭിക്കാന്‍ സാധിക്കും. പുതിയ നികുതി രീതിയില്‍ പ്രതിവര്‍ഷം 15.5 ലക്ഷമോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്ക് 52500 രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടു കോടിയിലധികം വരുമാനമുള്ള സമ്പന്നരുടെ സര്‍ചാര്‍ജ് കുറയ്ക്കും. 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് സര്‍ചാര്‍ജ് കുറച്ചത്.

നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്താത്തവര്‍ക്ക് മികച്ച രീതിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ നികുതി രീതി 2020-21 ബജറ്റില്‍ അവതരിപ്പിച്ചത്. നിലവിലെ രീതി അനുസരിച്ച് രണ്ടരലക്ഷം രൂപ വരെ നികുതി ഇല്ല. രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ അഞ്ചുശതമാനവും അഞ്ചുലക്ഷം മുതല്‍ ഏഴരലക്ഷം രൂപ വരെ 10 ശതമാനവും ഏഴരലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ 15 ശതമാനവുമാണ് നികുതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'