വന്ദേഭാരത് ട്രെയിന്‍/ ഫയൽ
വന്ദേഭാരത് ട്രെയിന്‍/ ഫയൽ 
ധനകാര്യം

40,000 ബോഗികള്‍ കൂടി വന്ദേഭാരത് നിലവാരത്തിലേക്ക്, ഗതി ശക്തിയില്‍ മൂന്ന് ഇടനാഴികള്‍; റെയില്‍വേ വികസനത്തിന് 2.55 ലക്ഷം കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെയില്‍വേയില്‍ 40000 ബോഗികളെ കൂടി വന്ദേഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് നിര്‍ദേശം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ബോഗികളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റം പ്രതീക്ഷിച്ച് വിഭാവനം ചെയ്ത പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ഇടനാഴികള്‍ സ്ഥാപിക്കും. എനര്‍ജി, മിനറല്‍, സിമന്റ് ഇടനാഴി, പോര്‍ട്ട് കണക്ടിവിറ്റി ഇടനാഴി, ഗതാഗത ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഹൈ ട്രാഫിക് ഡെന്‍സിറ്റി ഇടനാഴി എന്നിവയാണ് നിര്‍മ്മിക്കുക. ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മൂന്ന് ഇടനാഴികളും വികസിപ്പിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം

റെയില്‍വേയുടെ മൂലധന ചെലവിനായി 2.55 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. മുന്‍ വര്‍ഷം ഇത് 2.4 ലക്ഷം കോടി രൂപയായിരുന്നു.

ആയുഷ്മാന്‍ ഭാരത്

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആരോഗ്യപരിരക്ഷ ഇനി ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ലഭിക്കും. ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ആരോഗ്യ പരിരക്ഷയുടെ വ്യാപ്തി വര്‍ധിപ്പിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്.

സര്‍ക്കാരിന് കീഴിലുള്ള ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ് മാന്‍ ഭാരത്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയാണ് ഇത് ഉറപ്പാക്കുന്നത്. സെക്കന്‍ഡറി, ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലൈസേഷനായാണ് തുക നല്‍കുന്നത്. ഡിസംബര്‍ 27 വരെ 12 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വന്നതായും ധനമന്ത്രി വ്യക്തമാക്കി.

ആദായനികുതി പരിധി

ആദായനികുതി പരിധിയില്‍ മാറ്റം വരുത്തില്ലെന്നും ധനമന്ത്രി പറഞ്ഞു. നിലവിലെ ആദായനികുതി പരിധി അതേ പോലെ തന്നെ നിലനിര്‍ത്തി. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒരു കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്ന സാഹചര്യം ഒരുക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഇതുവഴി ഓരോ വീടിനും പ്രതിമാസം 18000 രൂപ വരെ ലാഭിക്കാന്‍ സാധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

വരുന്ന സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

ഐടി മേഖലയില്‍ യുവ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടിന് രൂപം നല്‍കും. ഇതുവഴി 50 വര്‍ഷം വരെ പലിശ രഹിത വായ്പ അനുവദിക്കും. ഐടി മേഖലയുടെ വികാസത്തിന് ദീര്‍ഘകാല വായ്പ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പിഎം ആവാസ് യോജന പ്രകാരം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. നിലവില്‍ മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യത്തിന് അരികില്‍ എത്തിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് നിര്‍മല സീതാരാമന്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

2047ഓടേ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ നല്‍കുന്നു.25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കാന്‍ ഇതുവഴി സാധിച്ചെന്നുംഅവര്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് രംഗത്ത് പത്തുവര്‍ഷം കൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

തൊഴിലിടത്ത് സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിച്ചു. സംരംഭകവുമായി ബന്ധപ്പെട്ട് 30 കോടി വനിതകള്‍ക്ക് മുദ്ര ലോണ്‍ നല്‍കി. നാലു കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി വരുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി