ജീവിതം

ഫുക്കുഷിമയിലെ വില്ലനായി കാട്ടുപന്നികള്‍; ആണവ ദുരന്തം പിടിവിടാതെ ജപ്പാന്‍

സമകാലിക മലയാളം ഡെസ്ക്

അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും പെട്ടെന്നുണരാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് ഓരോ ഭൂചലനത്തിനും സുനാമിക്കും ശേഷവും തെളിയിച്ചവരാണ് ജപ്പാന്‍കാര്‍. പക്ഷെ ഫുകുഷിമ ആണവനിലയത്തിന്റെ കാര്യത്തില്‍ ജപ്പാന്‍കാര്‍ക്ക് അടിതെറ്റി. 2011ലെ ഭൂചലനത്തേയും സുനാമിയേയും തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറി ജപ്പാന്‍കാര്‍ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല.

ആണവവികിരണങ്ങള്‍ ഉയര്‍ന്നതോതില്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നതോടെ ജപ്പാന്‍ സര്‍ക്കാര്‍ ആണവോര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ഫുകുഷിമ ആണവനിലയത്തിന് സമീപം താമസിച്ചിരുന്ന ആയിരക്കണക്കിന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരുന്നതോടെ ഫുകുഷിമയ്ക്ക് സമീപമുള്ള നാല് നഗരങ്ങളിലേക്ക് ജനങ്ങളെ തിരികെയെത്തിക്കാനായിരുന്നു ജപ്പാന്‍ സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതി തകര്‍ത്ത് മറ്റൊരു വില്ലന്‍ കടന്നുവന്നിരിക്കുകയാണ് ജപ്പാനില്‍. 

ആണവനിലയം തകര്‍ന്നപ്പോള്‍ പരന്ന ആണവവികിരണങ്ങള്‍ ശരീരത്തില്‍ വഹിച്ച് ജീവിക്കുന്ന കാട്ടുപന്നികളാണ് ജപ്പാന്‍കാരെയിപ്പോള്‍ അലട്ടുന്നത്. ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമിറങ്ങി കൃഷി നശിപ്പിക്കുകയും, വീടുകള്‍ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളുടെ ശരീരത്തില്‍ ആണവവികിരണങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

ജപ്പാന്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കാട്ടുപന്നിയുടെ ഇറച്ചി. എന്നാല്‍ ഫുകുഷിമ ആണവ അപകടം ഉണ്ടായതിനു ശേഷം പന്നിയിറച്ചിയില്‍ ആണവവികിരണങ്ങളുടെ അളവ് മുന്നൂറ് മടങ്ങ് അധികമാണെന്നാണ് ജാപ്പന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

ജനങ്ങളെ മാറ്റുപ്പാര്‍പ്പിച്ചതിനു ശേഷം കൃഷി ഭൂമികള്‍ കാടുപിടിച്ചതോടെ കാട്ടുപന്നികള്‍ ഇവിടം കയ്യടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങളെ ഇങ്ങോട്ടേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് ശേഷം കാട്ടുപന്നികളെ കൊല്ലാനായി പ്രത്യേക സംഘത്തേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഇതുവരെ 800 കാട്ടുപന്നികളെയാണ് കൊല്ലപ്പെടുത്തിയതെന്ന് ടൊമിയൊക്കയിലെ അധികൃതര്‍ പറയുന്നു. എന്നാല്‍ കാട്ടുപന്നിയുടെ ഇറച്ചിയില്‍ അണവവികിരണങ്ങള്‍ കൂടുതലായുണ്ടെന്നറിഞ്ഞതോടെ 2014ന് ശേഷം ഇവയെ കൊല്ലുന്നത് 13000ല്‍ നിന്നും മൂവായിരത്തിലേക്ക് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഫുകുഷിമ ആണവ അപകടം കാട്ടുപന്നിയിലൂടെ ജപ്പാനെ പിന്തുടരുകയാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു