ജീവിതം

കള്ളൻ കണ്ടത് ഫുൾ ബോട്ടിൽ മദ്യം; രണ്ടിൽ തുടങ്ങി, പൂസായി, ഓഫായി; പിറ്റേന്ന് കാലത്ത് കണ്ണ് തുറന്നപ്പോൾ പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

മോഷ്ടിക്കാനെത്തിയ കള്ളൻ വീട്ടിലെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടപ്പോൾ പൂതികേറി രണ്ടിൽ തുടങ്ങി ബോധം കെടും വരെ കഴിച്ചു. പിറ്റേന്ന് കാലത്ത് കെട്ടുവിട്ടുണർന്നപ്പോൾ കൊണ്ടുപോകാൻ പൊലീസ് റെഡിയായിരുന്നു. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ കള്ളൻ അങ്ങനെ താൻ കുഴിച്ച കുഴിയിൽ തന്നെ വീണു.

കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയിൽ വിരമിച്ച സൈനികന്റെ വീട്ടിലാണ് രസകരമായ സംഭവം അരങ്ങേറിയത്. വീട്ടിലെ അലമാരയിൽ മദ്യം കണ്ടപ്പോൾ കള്ളന് ഇരിക്കപ്പൊറുതി ഉണ്ടായില്ല. രണ്ടെണ്ണം അടിച്ചാലോ എന്ന മോഹം കലശൽ. വെള്ളമെടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് മുട്ടയുടെ നിര കണ്ണിൽപ്പെട്ടത്. പിന്നെ‌ അതെടുത്തു ടച്ചിങ്സും തയ്യാറാക്കി. ബോട്ടിൽ പൊട്ടിച്ച് രണ്ടെണ്ണം വിട്ടു. പിന്നെ കുപ്പി തിരികെ വയ്ക്കാൻ തോന്നിയില്ല. അങ്ങനെ കവർച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരിപ്പിനു ഫുൾ ബോട്ടിൽ മദ്യം അകത്താക്കി. ലഹരി തലയ്ക്കു പിടിച്ച് അന്തംവിട്ടുറങ്ങി. നേരം പുലർന്നപ്പോൾ കള്ളൻ കണ്ടത് ആളും ബഹളവും പൊലീസും. പകച്ചുപോയ അയാൾ ഹാങോവർ മാറാതെ പൊലീസിനോട് തൊഴുതു പറഞ്ഞു.– ‘ഇനി മദ്യപിക്കില്ല സാറേ’. 

പിടിയിലായ കള്ളൻ പൊലീസിനോട് പറഞ്ഞതിങ്ങനെ- വീട്ടുകാർ കൊച്ചിയിലെ ബന്ധുവീട്ടിൽ പോയതറിഞ്ഞാണു കക്കാൻ കയറിയത്. രാത്രി 12ന് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി. പണവും സ്വർണവും തിരയുന്നതിനിടെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടു. ഇതോടെ സ്വർണത്തിനായുള്ള തിരച്ചിൽ നിർത്തി മദ്യപാനത്തിലേക്കു കടന്നു. അടുക്കളയിൽ ഒംലെറ്റും പാചകം ചെയ്തു കഴിച്ചു. മദ്യം തലയ്ക്കു പിടിച്ചപ്പോൾ ഹാളിൽ വന്നു തുണിവിരിച്ചു കിടന്നു. നേരം പുലരും മുൻപു സ്ഥലം വിടുകയായിരുന്നു ലക്ഷ്യം. പക്ഷേ, എഴുന്നേറ്റപ്പോൾ എട്ടു മണി കഴിഞ്ഞു. രാത്രി പൊളിച്ച വാതിൽ അടച്ചതുമില്ല. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ അയൽപക്കത്തെ മുറ്റത്തു ഒരു സ്ത്രീ നിൽക്കുന്നു. പുറത്തേക്ക് ഇറങ്ങാൻ നിർവാഹമില്ല. രണ്ടും കൽപ്പിച്ചു ബ്രെഷ് എടുത്തു പല്ലുതേച്ചു. അപ്പോഴാണു വീടിനു ചുറ്റും ആളുകളുടെ ബഹളം കേട്ടത്. പൊലീസ് വന്ന കള്ളനെ പൊക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി