ജീവിതം

അന്‍പത് തിമിംഗലമൊക്കെ എന്ത്! 161 തിമിംഗലങ്ങളെയും വേട്ടയാടി കൊല്ലുമെന്ന്  ലോഫ്ത്സണ്‍

സമകാലിക മലയാളം ഡെസ്ക്

തിമിംഗലങ്ങളെ ഭീമന്‍ ചൂണ്ടയില്‍ കൊളുത്തി വേട്ടയാടിക്കൊല്ലുകയാണ് ക്രിസ്റ്റിയന്‍ ലോഫ്ത്സണെന്ന കോടീശ്വരന്‍ ചെയ്യുന്നത്. ഐസ്ലന്‍ഡിന്റെ അനുമതിയോടെയാണ് ലോകത്തെ ഞെട്ടിച്ച ഈ തിമിംഗല വേട്ട നടക്കുന്നത്. ചിറകന്‍ തിമിംഗലങ്ങളെന്നും പറഞ്ഞ് നീലത്തിമിംഗലങ്ങളെ ലോഫ്ത്സണും കൂട്ടരും കശാപ്പ് ചെയ്ത ചിത്രങ്ങള്‍ തിമിംഗല സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടതോടെയാണ് വേട്ട വിവാദമായത്.

നീലത്തിമിംഗലത്തിന്റെയും ചിറകന്‍ തിമിംഗലത്തിന്റെയും സങ്കരയിനമായ കുട്ടിത്തിമിംഗലത്തെ വേട്ടയാടിക്കൊന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടത്.

ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇതെല്ലാം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നായി ലോഫ്ത്സണിന്റെ വാദം. ലോഫ്ത്സണ്‍ സിഇഒ ആയ ഹ്വാലറിനാണ് ചിറകന്‍ തിമിംഗലങ്ങളെ കൊല്ലാനുള്ള ക്വട്ടേഷന്‍ ലഭിച്ചത്. 50 തിമിംഗലങ്ങളെ ഇതിനകം കൊന്നൊടുക്കിയെന്നും 161 എണ്ണത്തെ കൊല്ലാനുള്ള ക്വട്ടേഷന്‍ കീശയിലുണ്ടെന്നും ലോഫ്ത്സണ്‍ അവകാശപ്പെടുന്നുണ്ട്.

നീലത്തിമിംഗലം കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സസ്തനിയാണ് ലോഫ്ത്സണ്‍ ഇപ്പോള്‍ വേട്ടയാടി കൊന്നുകൊണ്ടിരിക്കുന്ന ചിറകന്‍ തിമിംഗലങ്ങള്‍. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഐയുസിഎന്‍ ചിറകന്‍ തിമിംഗലങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ ആരംഭിച്ച വേട്ട സെപ്തംബറില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് ലോഫ്ത്സണ്‍ പറയുന്നത്. 

അബദ്ധത്തില്‍ മറ്റുള്ള തിമിംഗലങ്ങളും ചൂണ്ടയില്‍ കുടുങ്ങാറുണ്ടെന്നും ലോഫ്ത്സണ്‍ വെൡപ്പെടുത്തി. വെള്ളത്തിലൂടെ പായുന്ന തിമിംഗലത്തിന്റെ പിന്‍വശം മാത്രമേ കാണാന്‍ പലപ്പോഴും സാധിക്കാറുള്ളൂ. ഇതുമൂലം നീലത്തിമിംഗലമാണോ എന്ന് തിരിച്ചറിയുന്നതില്‍ ആശയക്കുഴപ്പം വരാറുണ്ടെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. 


പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരില്‍ നിന്നടക്കം വലിയ വിമര്‍ശനമാണ് അശാസ്ത്രീയമായ ഈ തിമിംഗല വേട്ടയ്‌ക്കെതിരെ ഉയരുന്നത്. അനാവശ്യമാണ് ഇപ്പോള്‍ നടക്കുന്ന തിമിംഗല വേട്ടയെന്നും കടലിലെ ആവാസ വ്യവസ്ഥയെ തന്നെ ഇത് തകിടം മറിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.കമ്പനിക്ക് സംഭവിച്ച പിഴവ് തിരുത്തുന്നതിന് പകരം ഫോട്ടോഷോപ്പാണ് എന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും കൊന്നൊടുക്കുന്നത് നീലത്തിമിംഗലങ്ങളെ തന്നെയാണെന്നുമാണ് സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ പറയുന്നത്.

സമുദ്രത്തിലെ ഏതൊരു മത്സ്യത്തെയും പോലെയാണ് തനിക്ക് തിമിംഗലങ്ങളെന്നും കൊല്ലുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന ലോഫ്ത്സണിന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ലോകവ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തവണ നേരത്തെ തിമിംഗല വേട്ട നിര്‍ത്തിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി