ജീവിതം

'കശ്മീരും വിലമതിക്കാനാവാത്ത ആ ഉമ്മകളും' 

അഡ്വ. രശ്മിത ആര്‍. ചന്ദ്രന്‍

തീവ്രവാദി ആക്രമണവും സൈനിക ഇടപെടലുകളും കശ്മീര്‍ ജനതയുടെ മേല്‍ ഒട്ടാകെ സംശയത്തോടെ വീക്ഷിക്കുന്ന അതി തീവ്ര ഹൈപ്പര്‍ ദേശീയ വാദവും ഒരു പോലെ ശ്വാസം മുട്ടിക്കുന്നതാണ്. ഇന്നലെ രാത്രി പതിനൊന്നു മണി കഴിഞ്ഞ് ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ കണ്ടത് വിതുമ്പുന്ന വൃദ്ധയായ ഒരു കശ്മീരി അമ്മയേയും അവരുടെ മരുമകളും രണ്ടു ചെറിയ ആണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തേയുമാണ്. അവരുടെ മകന്‍ സ്‌റ്റേഷനില്‍ എത്തുമെന്ന് പറഞ്ഞിരുന്നതാണ്. ഏറെ നേരമായി കാത്തിരിക്കുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. നിലനില്ക്കുന്ന സാഹചര്യത്തില്‍ ഒരു കാശ്മീരി പുരുഷന്റെ ഫോണ്‍ അകാരണമായി സ്വിച്ചോഫാകുകയും പറഞ്ഞ സമയത്ത് കാണാതാവുകയും ചെയ്യുക എന്ന അവസ്ഥ അയാളുടെ കുടുംബത്തിന് നല്കുന്ന മാനസിക വ്യഥ ചില്ലറയല്ല....


വിശാലമായ ന്യൂ ദില്ലി റെയില്‍വേ സ്‌റ്റേഷനു നിരവധി ഗേറ്റുകള്‍ ഉണ്ട്. ഒന്നാം നമ്പര്‍ ഗേറ്റുള്ള പഹാഡ്ഗഞ്ച് ഗേറ്റിനടുത്താണ് ഞങ്ങള്‍ നിന്നിരുന്നത്. പതിനാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടുത്തുള്ള അജ്മീരി ഗേറ്റിലോ മറ്റോ തെറ്റി കാത്തിരുപ്പുണ്ടാവും , മരുമകള്‍ക്കൊപ്പം ഞാനും അയാളെ തിരയാന്‍ ചെല്ലാം എന്നു പറഞ്ഞു. കുറച്ചു കൂടെ കാത്തിരിക്കാം എന്ന് മരുമകള്‍ ഭയപ്പാടോടെ! എങ്ങല്‍ പൊട്ടികരച്ചിലിലെത്തിയ അമ്മയെ പുതുക്കിപ്പണിയുന്ന സ്‌റ്റേഷന്‍ കവാടത്തിന്റെ പടികളിലിരുത്തി. കൈയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി ആ അമ്മക്കു നീട്ടി.മാനസിക സ്ഥിരതയില്ലാതെ അലഞ്ഞു നടക്കുന്ന ഒരു ഭിക്ഷാടകന്‍ അടുത്തേക്ക് വന്നപ്പോള്‍ ഇളയ കുട്ടി ഭയപ്പാടോടെ പിന്നോട്ടാഞ്ഞു. അസുഖമുള്ള ആളുകളെ ഭയപ്പെടേണ്ട എന്നു പറഞ്ഞ് ഞാനവനെ ചേര്‍ത്തു പിടിച്ചു. റോസാപ്പൂ ദളങ്ങളുടെ നിറവും മാര്‍ദ്ദവവുമുള്ള കുഞ്ഞ്..... ഭയം അവന്റെ വിരലുകളിലെ വിറയലായി ഞാനറിഞ്ഞു. അതെ ആ കുടുംബത്തിന്റെ പൊതുവായ ഭാഷ തന്നെ ഭയം ആയിരുന്നു.


സ്‌റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാനെത്തിയ ബിജുവിന്റെയും എന്റെയും ഫോണുകളില്‍ നിന്ന് 'മരുമകള്‍ ' തന്ന നമ്പരുകളിലേക്കൊക്കെ ശ്രമിച്ചു. ഒടുവില്‍ ശ്രമം ഫലംകണ്ടു. അവളുടെ ഭര്‍ത്താവ്/വൃദ്ധയുടെ മകന്‍ / കുട്ടികളുടെ അച്ഛന്‍ എത്തി.... അയാള്‍ വളരെ ക്രുദ്ധനായി ഭാര്യയെ കശ്മീരിയില്‍ ശകാരിക്കാന്‍ തുടങ്ങി..... ആ സ്ത്രീ മുഖം താഴ്ത്തി നിന്നു ശകാരം കേട്ടു..... അയാള്‍ ക്രുദ്ധമായ മുഖഭാവം മാറ്റാതെ തന്നെ ഞങ്ങളോടു നന്ദി പറഞ്ഞു. പെട്ടെന്ന് ആ അമ്മ എന്നെ ചേര്‍ത്തു പിടിച്ചു, വലതു കൈ എടുത്ത് തെരുതെരെ ഉമ്മ വെക്കാന്‍ തുടങ്ങി.... ഞാന്‍ അനങ്ങാതെ നിന്നു..... ഒരു അമ്മയുടെ കണ്ണീര്‍ പുരണ്ട ഉമ്മകള്‍..എനിക്കു ജീവിതത്തില്‍ കിട്ടിയ മറക്കാനാവാത്ത ഉമ്മകള്‍... എന്റെ വലത്തു കൈ വിശുദ്ധമായിരിക്കുന്നു...... മകന്‍ പിന്നോട്ട് തിരിഞ്ഞു അമ്മയെ നോക്കി....മുഖം മെല്ലെ മയപ്പെട്ട്, പിന്നോട്ട് നടന്നു വന്ന് അമ്മയെ ചേര്‍ത്തു പിടിച്ചു ഒരിക്കല്‍ കൂടെ നന്ദി പറഞ്ഞ് നടന്നു പോയി!


ഇന്നലെ ഞാന്‍ ഉറങ്ങിയില്ല....
വലതു കൈയില്‍ മറക്കാനാവാത്ത ഉമ്മകള്‍ !
മനസ്സില്‍ പലവിധ അധിനിവേശങ്ങളില്‍ അകപ്പെട്ട അകം വെന്ത, അപമാനിതരായ സ്ത്രീകളും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്