ജീവിതം

ജീവനു ഭീഷണിയായി വിഷത്തവളകള്‍: ഫ്‌ലോറിഡയില്‍ ജനജീവിതം ദുസ്സഹമാകുന്നു

സമകാലിക മലയാളം ഡെസ്ക്

തെക്കന്‍ ഫ്‌ലോറിഡയില്‍ ജനങ്ങളുടെ ജീവിതം തന്നെ അപകടത്തിലാക്കുന്ന വിഷത്തവളകള്‍ പെരുകുന്നു. ഫ്‌ലോറിഡയിലെ നിരത്തുകള്‍ കയ്യടക്കി ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന്‍ തന്നെ അപകടത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. വളരെ ചെറുതായ ഈ തവളകളുടെ ശരീരത്തില്‍ നിന്ന് വരുന്ന കൊഴുപ്പ് ദ്രാവകമാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ജീവന് അപകടമാകുന്നത്. 

കിഴക്കന്‍ മിയാമിക്ക് സമീപമുള്ള പാം ബീച്ച് ഗാര്‍ഡന്‍സിലാണ് ആഴ്ചകള്‍ക്കു മുന്‍പ് ഈ തവളകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഈ തവളകള്‍ തെക്കന്‍ ഫ്‌ലോറിഡയിലെ പല പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പലയിടത്തും വീടുകളിലെ പൂന്തോട്ടങ്ങളും സ്വിമ്മിങ് പൂളുകളും റോഡുകളും നടപ്പാതകളും വരെ ഈ തവളകള്‍ കൂട്ടത്തോടെ കയ്യേറിയിരിക്കുകയാണ്. 

തവളകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നതും കുളത്തില്‍ നീന്തുന്നതും മറ്റുമുള്ള ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യുന്നുണ്ട്. തവളകളെ ചവിട്ടാതെ പലയിടങ്ങളിലും നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ഈ ദൃശ്യങ്ങളിലൂടെ വ്യക്തമാകും. 

ബഫോ എന്ന പേരിലറിയപ്പെടുന്ന വിഷമുള്ള ഗണത്തില്‍ പെട്ടവയാണ് ഈ തവളകള്‍. കെയ്ന്‍ റ്റോഡ്‌സ് എന്ന പേരിലും അറിയപ്പെടുന്ന ഇവ അമേരിക്കയിലെ പ്രാദേശിക ജീവികളല്ല. ഇവയുടെ തലയില്‍ നിന്നു പുറത്തേക്കു വരുന്ന ദ്രവരൂപത്തിലുള്ള വസ്തുവിലാണ് വിഷാംശമുള്ളത്. കയ്യിലെടുക്കുമ്പോഴോ അല്ലെങ്കില്‍ തങ്ങള്‍ക്കു ഭീഷണിയാണെന്നു തോന്നുന്ന സന്ദര്‍ഭത്തിലോ ആണ് ഇവ ഈ സ്രവം ഉല്‍പാദിപ്പിക്കുന്നത്. 

മുതിര്‍ന്ന മനുഷ്യരില്‍ ഇത് പൊള്ളലും കണ്ണിനു നീറ്റലുമുണ്ടാക്കും. അതേസമയം കുട്ടികള്‍ക്കും പൂച്ചകളെയും പട്ടികളെയും പോലുള്ള ചെറിയ വളര്‍ത്തു മൃഗങ്ങള്‍ക്കും ഈ വിഷം ജീവനു തന്നെ അപകടം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. 

1955ലാണ് ഇവ ഫ്‌ലോറിഡയില്‍ എത്തുന്നത്. തവളകളെ വളര്‍ത്തുന്നവര്‍ക്കായി വില്‍പനയ്ക്കു കൊണ്ടുവന്ന ഇടനിലക്കാരിലൊരാള്‍ അറിയാതെ നൂറോളം തവളകളെ സ്വതന്ത്രമാക്കിയിരുന്നു. അനുകൂല സാഹചര്യം ലഭിച്ചതോടെ ഫ്‌ലോറിഡയിലെ ചതുപ്പുകളില്‍ ഇവ പെറ്റുപെരുകുകയാണുണ്ടായതെന്ന് ഫ്‌ലോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ഇവയെ എങ്ങനെ തുരത്തണമെന്ന കാര്യത്തില്‍ ധാരണയില്ലാതെ പ്രതിസന്ധിയിലാണ് അധികൃതര്‍. ആളുകളുടെ ചോദ്യങ്ങള്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് യൂണിറ്റിലെ വിദഗ്ധര്‍. പ്രകൃതിയില്‍ ശക്തമായ എതിരാളികള്‍ ഇല്ലാത്തതാണ് ഈ തവളകള്‍ പെറ്റുപെരുകാന്‍ കാരണമായതെന്നും അഭിപ്രായമുണ്ട്. 

ഫ്‌ലോറിഡയിലെ മറ്റൊരു അധിനിവേശ ജീവിയായ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള പെരുമ്പാമ്പുകളെ അടുത്തിടെ അംഗസംഖ്യനിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇവ ഒരു പക്ഷേ ഈ തവളകളെ ഭക്ഷിക്കുന്നുണ്ടായിരിക്കാമെന്നും പെരുമ്പാമ്പുകളുടെ എണ്ണത്തിലുണ്ടായ കുറവാകാം ഇത്തവണ തവളകള്‍ വ്യാപകമായി പെറ്റുപെരുകാന്‍ കാരണമായതെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്