ജീവിതം

ഗാന്ധിജിയുടെ കണ്ണടയ്ക്ക് 2.5 കോടി രൂപ; ലേലത്തിൽ പിടിച്ച് അമേരിക്കക്കാരൻ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ; നൂറു വർഷത്തിലേറെ പഴക്കമുള്ള ​ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ രണ്ടര കോടി രൂപയ്ക്ക് ലേലത്തിന് വിറ്റു. അമേരിക്കക്കാരനായ ഒരാളാണ് വൻ തുകയ്ക്ക് ​ഗാന്ധിജിയുടെ കണ്ണട സ്വന്തമാക്കിയത്. ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസാണ് ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിന് വെച്ചത്. 

2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്കു വിലയിട്ടത്. ഏകദേശം 2.5 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒൻപതിന് ഓക്‌ഷൻ ഹൗസിന്റെ ലെറ്റർ ബോക്സിൽ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്. ബ്രിസ്റ്റോൾ ഓക്‌ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്‌ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി. തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽനിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാൾ 1920ൽ സൗത്ത് ആഫ്രിക്കയിൽവച്ച് ഗാന്ധിജിയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാൽ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. 

ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് കണ്ണട നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണെന്നും തന്നെ വിളിക്കാനും പറഞ്ഞുകൊണ്ടുള്ള കുറിപ്പുമുണ്ടായിരുന്നു. ചരിത്രരേഖകളിൽ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വർഷം പരിശോധിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളിൽ ഒന്നായിരിക്കും എന്നാണ് ഓക്‌ഷൻ ഹൗസ് അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി