ജീവിതം

'ചില്ലു ജാലകത്തിന് മുകളിൽ ആ ഒന്നര വയസുകാരി കുഞ്ഞിക്കൈ ചേർത്തു വെയ്ക്കും; അമ്മ അപ്പുറത്തു നിന്ന് തൊടുന്നതും കാത്ത്'- അനുഭവക്കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്ത് ഉറ്റവരെ പിരിഞ്ഞിരിക്കേണ്ടി വരുന്ന രോ​ഗികളുടേയും ആരോ​ഗ്യ പ്രവർത്തകരുടേയുമൊക്കെ നൊമ്പരമുണ്ടാക്കുന്ന വാർത്തകൾ നിരവധി പുറത്തു വന്നിരുന്നു. അത്തരത്തിലൊരു അമ്മയുടെ ദുഃഖം പങ്കിടുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക്/ഇൻസ്റ്റഗ്രാം പേജ്. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയും കോവിഡ് രോ​ഗിയുമായ അലിഫിയ ജാവേരിയുടെ ദുഃഖമാണ് പേജിൽ പങ്കിട്ടിരിക്കുന്നത്. 

രാത്രി ഒന്നുറക്കം ഞെട്ടുമ്പോൾ അമ്മയുടെ അടുത്ത് കിടന്നുറങ്ങണമെന്ന് വാശിപിടിക്കുന്ന ഒന്നര വയസുകാരിയായ മകളെ ചേർത്തു പിടിക്കാൻ ഇനിയെത്ര നാൾ കാത്തിരിക്കണമെന്ന സങ്കടത്തിലാണ് അലിഫിയ. കോവിഡ് ബാധിതയായ അലിഫിയക്ക് മകളുടെ അടുത്ത് ചെല്ലാനാവുന്നില്ലെങ്കിലും അവൾക്ക് രോഗ ബാധയുണ്ടായില്ലെന്നുള്ള ആശ്വാസമുണ്ട്. 

രോഗം സ്ഥിരീകരിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയാനാണ് അലിഫിയയ്ക്ക് ലഭിച്ച നിർദേശം. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്നത് ആശ്വാസകരമാണെങ്കിലും മൂന്ന് നാല് ആഴ്ചയോളം കുഞ്ഞിന്റെ അടുത്തേക്ക് പോകാൻ കഴിയാത്തത് അതിയായ വിഷമമുണ്ടാക്കുമെന്ന് അലിഫിയ പറയുന്നു. 

എല്ലാ ദിവസവും തന്റെ കിടപ്പു മുറിയുടെ ജനാലച്ചില്ലിൽ വന്ന് മകൾ അവളുടെ കുഞ്ഞു കൈവിരലുകൾ ചേർത്തു വെയ്ക്കാറുണ്ടെന്നും ചില്ലിനപ്പുറം തന്റെ കൈ വെക്കുന്നത് വരെ അവൾ അവിടെ കാത്തു നിക്കാറുണ്ടെന്നും അലിഫിയ പറയുന്നു. ആ നിമിഷം അമ്മയെ അടുത്തു കാണാനാവാത്ത കുഞ്ഞിന്റെ വേദന തനിക്ക് അനുഭവിക്കാനാവുന്നുണ്ടെന്ന വേദനയും അലിഫിയ പങ്കുവെക്കുന്നു. 

ഭർത്താവും ഭർതൃ സഹോദരിയും ചേർന്നാണ് മകളെ നോക്കുന്നത്. മകൾ വലിയ ശാഠ്യമൊന്നും കാണിക്കാറില്ലെന്ന് അലിഫിയ പറയുന്നു. രാത്രിയിൽ ചിലപ്പോൾ ഉറക്കത്തിനിടെ ഞെട്ടിയുണർന്നാൽ  അമ്മയെ കാണണമെന്ന് വാശി പിടിച്ചു കരയുമ്പോൾ ആശ്വസിപ്പിച്ച് ചേർത്തു കിടത്തി ഉറക്കാനാവില്ലെന്നത് ഏറെ വിഷമിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. 

അലിഫിയയുടെ  പോസ്റ്റിന് നിരവധി പേർ കമന്റുകളുമായെത്തി. കുട്ടികളുള്ള അമ്മമാർക്ക് ഈ ദുഃഖം എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്ന് ഒരാൾ കമന്റ് ചെയ്തു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചവരും ഏറെ. ഫെയ്‌സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി പേർ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു