കായികം

'ഗോകുലം എഫ്‌സിയുടെ മികവിന് കാരണം മികച്ച സ്മാഷുകള്‍' ; ജയരാജനെ കടത്തിവെട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ദാസന്‍

സമകാലിക മലയാളം ഡെസ്ക്

കളി വിലയിരുത്തുന്ന കാര്യത്തില്‍ കായികമന്ത്രി ഇ പി ജയരാജനേക്കാളും കേമനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍. ഐ ലീഗ് ഫുട്‌ബോളില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന ഗോകുലം എഫ്‌സിയുടെ മികവിന്റെ കാരണം കണ്ടുപിടിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കായികപ്രേമികളുടെ, വിശിഷ്യാ ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണ് തള്ളിച്ചത്. 

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ് സിയുടെ മികവാര്‍ന്ന പ്രകടനത്തിന്റെ രഹസ്യം എന്താണെന്നല്ലേ ? മികച്ച സ്മാഷുകളാണ് ഗോകുലം എഫ്‌സിയുടെ കുതിപ്പിന് കാരണമെന്നാണ് ടി പി ദാസന്‍ കണ്ടുപിടിച്ചത്. ഗോകുലം എഫ്.സി ചെയര്‍മാനായ ഗോകുലം ഗോപാലനെക്കുറിച്ച് ഗോകുലം ശ്രീ മാസികയില്‍ അച്ചടിച്ചു വന്ന ലേഖനത്തിലാണ് ടിപി ദാസന്റെ കണ്ടെത്തലുള്ളത്. 

ഉജ്ജ്വലമായ സ്മാഷുകളിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഗോകുലത്തിന് കഴിഞ്ഞുവെങ്കില്‍ അതിന് പിന്നില്‍ ചെയര്‍മാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ്... എന്നാണ് ടി പി ദാസന്‍ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ഫുട്‌ബോളും വോളിബോളും തമ്മില്‍ മാറിപ്പോയ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കായികമന്ത്രിയേക്കാള്‍ കേമനാണെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ച് പരിഹാസം ഏറ്റുവാങ്ങിയ കായികമന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് മലയാളത്തിന്റെ പ്രശസ്ത ചിന്തകനും അധ്യാപകനുമായിരുന്ന എം എന്‍ വിജയനെ ഫുട്‌ബോള്‍ കളിക്കാരനുമാക്കിയിരുന്നു. എംഎന്‍ വിജയനൊപ്പം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഫുട്‌ബോള്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ജയരാജന്‍ സഭയില്‍ പ്രസ്താവിച്ചത്. 

കേരളത്തിന്റെ കായിക ലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി എന്നും കായിക ലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നുമായിരുന്നു മന്ത്രി ജയരാജന്‍ നേരത്തെ പറഞ്ഞത്. ഈ അബദ്ധത്തിന്റെ പേരില്‍ അന്ന് ജയരാജന്‍ കടുത്ത പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു