കായികം

തകര്‍ത്തെറിയുക എന്നാലെന്താണ്? ആഴ്‌സണലിനോട് ചോദിച്ചാല്‍ പറയും; പറന്ന് പറന്ന് ലിവര്‍പൂള്‍

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി കുതിക്കുമ്പോഴാണ് ലിവര്‍പൂളിന് മുന്നില്‍ ആഴ്‌സണല്‍ വരുന്നത്. തോല്‍വി അറിയാതെയുള്ള ക്ലോപ്പിന്റേയും കൂട്ടരുടേയും പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ കുതിപ്പിന് ടൊറീറയും സംഘവും അറുതി വരുത്തുമെന്ന് പറഞ്ഞവരും ഏറെയുണ്ടായിരുന്നു. പക്ഷേ ലിവര്‍പൂള്‍ ഒരു ദയയുമില്ലാതെ തകര്‍ത്തു കളഞ്ഞു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജയം പിടിച്ച് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം അവര്‍ അരക്കെട്ടുറപ്പിക്കുകയാണ്. 

ഗോളടിച്ച് തുടങ്ങിയത് ആഴ്‌സണലായിരുന്നു. അതും കളിയുടെ പതിനൊന്നാം മിനിറ്റില്‍ തന്നെ. പക്ഷേ പിന്നെയങ്ങോട്ട് ആക്രമണത്തിന്റെ  കരുത്തെല്ലാമെടുത്ത്‌
ലിവര്‍പൂള്‍ കളി തുടങ്ങി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ നാല് ഗോളുകളാണ് ലിവര്‍പൂള്‍ വലക്കകത്താക്കിയത്. പതിനാലാം മിനിറ്റിലും പതിനാറാം മിനിറ്റിലും വലകുലുക്കി ഫിര്‍മിനോയും, സലയുടെ പാസില്‍ നിന്ന് 32ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി മനേയും തകര്‍ത്തടിച്ചപ്പോള്‍ ഒന്നാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയില്‍ സലയ്ക്ക് ഒരു പിഴവും പറ്റിയില്ല. 

65ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൂടി വലക്കകത്താക്കിയതോടെ ഫിര്‍മിനോ ഹാട്രിക്കും, ലിവര്‍പൂള്‍ അഞ്ചാം ഗോളും തികച്ചു. തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് ലിവര്‍പൂളിന്റേത്. ഇരുപത് മത്സരങ്ങളില്‍ സമനില വഴങ്ങിയത് മൂന്നെണ്ണം മാത്രം. 17 ജയവുമായി 54 പോയിന്റോടെ രണ്ടാമതുള്ള ടോട്ടന്‍ഹാമുമായുള്ള പോയിന്റ് വ്യത്യാസം റെഡ്‌സ് ഉയര്‍ത്തി. രണ്ടാം പകുതിയിലും തുടക്കത്തില്‍ തന്നെ മനേയും സലയും ചേര്‍ന്ന് ആക്രമണം തുടര്‍ന്നു. 

എന്നാല്‍ മനേയെ പിന്‍വലിക്കുകയും, ആഴ്‌സണല്‍ മുന്നേറ്റത്തിന് ധൈര്യം കാണിച്ച് തുടങ്ങുകയും ചെയ്തതോടെ ലിവര്‍പൂളിന്റെ കാലുകളിലേക്ക് ബോള്‍ കിട്ടാതെയായി. എങ്കിലും വലിയ അവസരങ്ങള്‍ ആന്‍ഫീല്‍ഡില്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ ആഴ്‌സണലിനായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള എവേ മത്സരം മുന്നില്‍ നില്‍ക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കുകയാണ് ലിവര്‍പൂള്‍. മുന്നേറ്റത്തില്‍ മൂവര്‍ സംഘം തകര്‍ത്ത് കളിക്കുമ്പോള്‍ ടീമിന്റെ കളക്റ്റീവ് കളി ഗാര്‍ഡിയോളയേയും സംഘത്തേയും വിറപ്പിക്കാന്‍ പോന്നതാണെന്ന് ചുരുക്കം. 

പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ ഹാട്രിക്കായിരുന്നു ഫിര്‍മിനോ ആഴ്‌സണലിന് മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച് നേടിയെടുത്തത്. രണ്ട് പ്രതിരോധനിരക്കാരെ മറികടന്നെത്തി 18 വാര അകലെ നിന്നും ഗോള്‍പോസ്റ്റിന്റെ  വലത് മൂലയിലേക്ക് അടിച്ചിട്ട ഫിര്‍മിനോയുടെ ഗോളായിരുന്നു കൂടുതല്‍ മനോഹരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു