കായികം

രോഹിത് തീര്‍ക്കുന്ന തലവേദന എങ്ങിനെ മറികടക്കാം? കോഹ് ലിക്ക് ഓപ്പണറാകാം, അല്ലെങ്കില്‍ രഹാനയ്ക്ക്‌

സമകാലിക മലയാളം ഡെസ്ക്

ഫോമിലേക്കെത്താത്ത രോഹിത് ശര്‍മയാണ് ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീമിനെ പിന്നോട്ടു വലിക്കുന്നത്. നാലാം ഏകദിനത്തില്‍ ജയിച്ചു കയറിയ ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്ത്യയുടെ കൈയ്യെത്തും ദൂരത്തിരിക്കുന്ന പരമ്പര ജയം തട്ടിയകറ്റുമോയെന്ന ആശങ്ക നിലനില്‍ക്കെ രോഹിത് തീര്‍ക്കുന്ന പ്രശ്‌നം എങ്ങിനെ മറികടക്കാം? 

ദക്ഷിണാഫ്രിക്കയില്‍ എത്തിയത് മുതല്‍ ഫോമില്ലായ്മയില്‍ വലയുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. ഏകദിന പരമ്പരയില്‍ നിന്നായി 10 ബാറ്റിങ് ശരാശരിയില്‍ 40 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ചാം ഏകദിനത്തില്‍ രോഹിത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്  സംബന്ധിച്ചായിരിക്കും നായകന്‍ കോഹ് ലിക്ക്തലവേദന കൂടുതല്‍. 

രോഹിത്ത് തീര്‍ക്കുന്ന പ്രശ്‌നം മറികടക്കാന്‍ കോഹ് ലിക്ക് രഹാനയെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാം. മധ്യനിരയില്‍ കളിക്കുന്നതിനേക്കാള്‍ ആസ്വദിച്ച് രഹാനേയ്ക്ക് ഓപ്പണര്‍ സ്ഥാനത്ത് കളിക്കാനാവും. കെ.എല്‍.രാഹുല്‍ അവസരത്തിനൊത്ത് ഉയരാത്തതും രഹാനയെ ഓപ്പണറായി തിരഞ്ഞെടുക്കാന്‍ കോഹ് ലിക്ക് കാരണമാണ്. ഇന്ത്യയ്ക്ക് വേണ്ടിയും, ഐപിഎല്ലിലും രഹാനെ ഓപ്പണര്‍ സ്ഥാനത്ത് മികച്ച കളി പുറത്തെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ശിഖര്‍ ധവാന് പകരമെത്തിയ രഹാനെ അഞ്ച് മത്സരങ്ങളില്‍ നിന്നും 244 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ നാല് അര്‍ധ  ശതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രോഹിത് ശര്‍മ ഫോമിലേക്ക് ഉയരാത്തതിനാല്‍ രഹാനയെ ഓപ്പണറാക്കി രോഹിത്തിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കണം. മുംബൈക്കായി  ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിച്ച രോഹിത്തിന് മികച്ച കളി പുറത്തെടുക്കാനും സാധിച്ചിട്ടുണ്ട്. 

കോഹ് ലിക്ക് ഓപ്പണ്‍ ചെയ്യാം

കഴിഞ്ഞ കളികളിലായി ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ രോഹിത്ത് ഔട്ടായിരുന്നു. കോഹ് ലിക്ക് നേരത്തെ ക്രീസിലേക്ക് എത്തേണ്ടിയും വന്നിരുന്നു. ഓപ്പണറായി  ഇറങ്ങുക എന്നത് കോഹ് ലിക്ക് പുതുമയുള്ള കാര്യമല്ല. ശ്രീലങ്കയ്‌ക്കെതിരായ ഓപ്പണറായി ബാറ്റിങ്ങില്‍ അരങ്ങേറിയ കോഹ് ലിക്ക് രഹാനയെ മധ്യനിരയില്‍ നിന്നും മാറ്റാന്‍ താത്പര്യം ഇല്ലെങ്കില്‍ ഓപ്പണര്‍ പദവി ഏറ്റെടുക്കാം. 

റോയല്‍ ചലഞ്ചേഴ്‌സിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്തിട്ടുള്ള കോഹ് ലി ഓപ്പണറുടെ റോളും ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. രോഹിത് ഫോമില്ല്ാതെ തുടരുകയും, കോഹ് ലി ഓപ്പണ്‍ ചെയ്യുകയും ചെയ്താല്‍ ദിനേഷ് കാര്‍ത്തിക്, അല്ലെങ്കില്‍ മനീഷ് പാണ്ഡേയ്ക്ക് അവസരം തെളിയും. ധോനിക്കും ഹര്‍ദിക്കിനുമൊപ്പം ചേര്‍ന്ന് ഇവര്‍ക്ക് മധ്യനിരയ ശക്തിപ്പെടുത്താനുമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച