കായികം

ഗോള്‍ 2018; മഞ്ചേരി എന്‍എസ്എസിന്റെ പ്രതിരോധം തകര്‍ത്ത് സെന്റ് തോമസ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗുരുവായൂരപ്പന്‍ കോളെജിനെ തകര്‍ത്ത് യുനിവേഴ്‌സിറ്റി കോളെജ്‌

സമകാലിക മലയാളം ഡെസ്ക്

മഞ്ചേരി എന്‍എസ്എസ് കോളെജിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് തൃശൂര്‍ സെന്റ് തോമസ് കോളെജിന് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്റര്‍ കോളെജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നും ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സെന്റ് തോമസ് കോളെജ് എന്‍എസ്എസ് കോളെജിനെ തറപറ്റിച്ചത്. 

ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ മെല്‍വിന്‍ തോമസായിരുന്നു സെന്റ് തോമസിനായി ഗോള്‍ വേട്ട തുടങ്ങിയത്. 20ാം മിനിറ്റില്‍ ബെന്‍വിന്‍ സെന്റ് തോമസിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഉറച്ച് ആക്രമിച്ച് കളിച്ച എന്‍എസ്എസ് കോളെജ് 48ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. 

ഓഫ് സൈഡ് ഫഌഗിനായി കാത്തു നിന്ന് സെന്റ് തോമസിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ചായിരുന്നു എന്‍എസ്എസിന്റെ ബേസില്‍ ഗോള്‍വല കുലുക്കിയത്. എന്നാല്‍ 58ാം മിനിറ്റില്‍ സജിത്തും, 60ാം മിനിറ്റില്‍ അമല്‍ ജേക്കബും സെന്റ് തോമസിനായി വല കുലുക്കിയപ്പോള്‍ എന്‍എസ്എസിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ അസ്തമിച്ചിരുന്നു. 

71ാം മിനിറ്റില്‍ ശ്രീക്കുട്ടന്‍ വി.എസ്. സെന്റ് തോമസിനായി അഞ്ചാം ഗോള്‍ നേടിയതോടെ ആധികാരിക ജയവുമായി സെന്റ് തോമസ് ടൂര്‍ണമെന്റിലെ ആധിപത്യം ഉറപ്പിച്ചു. 

വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ കോഴിക്കോട് സാമൂരിന്‍സ് ഗുരുവായൂരപ്പന്‍ കോളെജിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്രി കോളെജ് പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 3-2നായിരുന്നു യുനിവേഴ്‌സിറ്റി കോളെജിന്റെ ജയം. 

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായ എസ്.ഹജ്മലിന്റെ പ്രകടനമാണ് യുനിവേഴ്‌സിറ്റി കോളേജിന് ജയം നേടിക്കൊടുത്തത്. 80ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അന്‍വര്‍ ഷാ പാഴാക്കി കളഞ്ഞതിന്റെ ആഘാതത്തില്‍ നിന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടിലെ യുനിവേഴ്‌സിറ്റി കോളെജിന്റെ തകര്‍പ്പന്‍ ജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ