കായികം

ടോം മൂഡിയെയും മൈക്ക് ഹസ്സനെയും തളളി; രവി ശാസ്ത്രി വീണ്ടും പരിശീലകനായി തുടരും 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി വീണ്ടും തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി എന്നിവരാണ് പരിശീലക സ്ഥാനത്തേക്കുളള അന്തിമ പട്ടികയില്‍ ഇടംനേടിയത്. ഇതില്‍ രവിശാസ്ത്രിക്ക് വീണ്ടും നറുക്ക് വീഴുകയായിരുന്നു.

പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കവെ രവി ശാസ്ത്രി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു തന്നെയാണ് മുന്‍ഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ശാസ്ത്രി അല്ലാതെ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ റോബിന്‍ സിങ്ങിനും ലാല്‍ചന്ദ് രജ്പുതിനും മുന്‍പരിചയത്തിന്റെ കുറവുണ്ടായിരുന്നതും ഒരുപക്ഷേ ശാസ്ത്രിയെ തുണച്ചിരിക്കാം.

കൂടാതെ ശാസ്ത്രി തന്നെ തുടരുന്നതാണ് ടീമിന് സന്തോഷമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.2014 മുതല്‍ 2016 വരെ ടീം ഇന്ത്യയുടെ ഡയറക്ടറായാണ് ശാസ്ത്രി എത്തുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ചതിനു പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകനായി. ക്യാപ്റ്റന്‍ വിരാട് കോലിയും അന്നത്തെ പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം. കുംബ്ല പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രവി ശാസ്ത്രി മുഖ്യ കോച്ചായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത