തിരുവനന്തപുരം: വിക്കറ്റ് വീഴ്ത്തുമ്പോള്‍ ഔട്ടാകുന്ന ബാറ്റ്സ്മാന് 'നോട്ട്ബുക്കി'ല്‍ ഒപ്പിട്ട് കൊടുക്കുന്നതായി കാണിക്കുന്നതാണ് വിന്‍ഡീസ് താരം കെസ്റിക് വില്ല്യംസിന്റെ വിക്കറ്റ് നേട്ടമാഘോഷം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20 പോരാട്ടത്തിനിടെ പതിവ് രീതിയിലുള്ള 'നോട്ട്ബുക്ക്' ആഘോഷം കെസ്റിക് മാറ്റിപ്പിടിച്ചു.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് എടുത്ത സമയത്ത് കെസ്റിക് പുറത്തെടുത്ത ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒന്നാം ടി20യില്‍ കെസ്റികിനെ ഒരോവറില്‍ 23 റണ്‍സ് അടിച്ച് കോഹ്ലി ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കോഹ്ലി കെസ്റികിന് നേരെ നോട്ട്ബുക്ക് ഒപ്പിടുന്നതായി കാണിക്കാനും മറന്നില്ല. 2017ല്‍ കോഹ്ലിയുടെ വിക്കറ്റെടുത്ത ശേഷം സമാന രീതിയില്‍ കെസ്റിക്ക് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണമായിരുന്നു കോഹ്ലി ഒന്നാം മത്സരത്തില്‍ നോട്ട്ബുക്ക് ആഘോഷം നടത്തിയത്.
രണ്ടാം പോരാട്ടത്തില്‍ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത് കെസ്റിക്കായിരുന്നു. ഇതിന് ശേഷമാണ് താരം 'നോട്ട്ബുക്കി'ന് പകരം പുതിയ ആഘോഷം നടത്തിയത്. ചുണ്ടത്ത് വിരല്‍ ചേര്‍ത്ത് 'മിണ്ടരുത്' എന്ന് കൈയാംഗ്യത്തിലൂടെ കാണിച്ചായിരുന്നു വിന്‍ഡീസ് താരത്തിന്റെ ഇത്തവണത്തെ ആഘോഷം.
താരത്തിന്റെ പുതിയ ആഘോഷം ഏതായാലും ശ്രദ്ധേയമായിട്ടുണ്ട്. ഒപ്പം കോഹ്ലിമായി പുതിയ പ്രതികാര പാത തുറന്നിട്ടിരിക്കുകയാണിപ്പോള്‍ കെസ്റിക് വില്ല്യംസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ