സിഡ്നി: മഹേന്ദ്ര സിങ് ധോണിയെന്ന മുന്‍ ക്യാപ്ടനെ എഴുതിത്തള്ളനായിട്ടില്ലെന്ന് രോഹിത് ശര്‍മ്മ. നിലവില്‍ ബാറ്റിങ് നിരയില്‍ നാലാമനായി ഇറങ്ങാന്‍ ധോണിയെക്കാള്‍ മികച്ചൊരു താരമില്ലെന്നും ലോകകപ്പ് മുന്നില്‍ കണ്ടുള്ള പരിശീലനത്തിന് ഈ ഓര്‍ഡറാവും ചേരുകയെന്നും രോഹിത് വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബാറ്റിങ് ഓര്‍ഡറൊക്കെ ക്യാപ്ടനും കോച്ചും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വൈസ് ക്യാപ്ടനായ രോഹിതും ക്യാപ്ടന് കോഹ് ലിയും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. അമ്പാട്ടി റായിഡുവിനെ നാലാമനായി ഇറക്കുന്നതാണ് കോഹ് ലിക്ക് ഇഷ്ടം. ഇക്കാര്യം കോഹ് ലി പലതവണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
92 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടിയ ധോണിയുടെ ബാറ്റിങ് കഴിഞ്ഞ ദിവസം വ്യാപക വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തിയത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയും രോഹിത് എതിര്‍ത്തു. ധോണിയുടെ സ്ട്രൈക്ക് റേറ്റ് നോക്കിയാല്‍ 90 സ്ഥിരമാണെന്ന് കാണാമെന്നും, ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ നിറം മങ്ങിയതാണ് എന്നുമാണ് രോഹിത് പറയുന്നത്.
ആദ്യ ഏകദിനം പൊതുവില്‍ ദുഷ്കരമായിരുന്നുവെന്നും രോഹിത് പറഞ്ഞു. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന വെളിച്ചമാണ് ധോണിയെന്നും ബാറ്റിങ് ഓര്‍ഡറില്‍ എവിടെ ഇറങ്ങുന്നതിനും ധോണി ഒരിക്കലും മുഷിച്ചില് കാണിച്ചിട്ടില്ലെന്നും രോഹിത് പ്രശംസിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ