കായികം

ബംഗ്ലാദേശ് പൊരുതി തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 48 റണ്‍സിന്

സമകാലിക മലയാളം ഡെസ്ക്

ട്രെന്റ് ബ്രിഡ്ജ്: ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ അതിജീവിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞില്ല. പൊരുതി തോല്‍ക്കുകയായിരുന്നു. 382 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒട്ടും ഭയമില്ലാതെയാണ് ബാറ്റുചെയ്തത്. എന്നാല്‍ 48 റണ്‍സ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 

ഏഴാം ഏകദിന സെഞ്ചുറി നേടിയ മുഷ്ഫിഖുര്‍ റഹീമാണ് അവരുടെ ടോപ് സ്‌കോറര്‍. 97 പന്തുകള്‍ നേരിട്ട മുഷ്ഫിഖുര്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. മഹ്മദുള്ള 50 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും സഹിതം 69 റണ്‍സെടുത്ത് പുറത്തായി. മുഷ്ഫിഖുറും മഹ്മദുള്ളയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഓസീസിനെ ഞെട്ടിച്ചിരുന്നു. 127 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശ് സ്‌കോറിലേക്ക് ചേര്‍ത്തത്.

ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഓസീസ് ഒന്നാമതെത്തി. ആറു മത്സരങ്ങളില്‍ ബംഗ്ലാദേശിന്റെ മൂന്നാം തോല്‍വിയാണിത്. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തു. നേരത്തെ ഓസീസ് ഇന്നിങ്‌സിന്റെ 49ാം ഓവറില്‍ മഴ മത്സരം തടസപ്പെടുത്തിയിരുന്നു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 110 പന്തില്‍ നിന്ന് തന്റെ 16ാം ഏകദിന സെഞ്ചുറി തികച്ച വാര്‍ണര്‍ 147 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും 14 ബൗണ്ടറിയുമടക്കം 166 റണ്‍സെടുത്താണ് പുറത്തായത്. ഈ ലോകകപ്പിലെ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറും വാര്‍ണര്‍ സ്വന്തം പേരിലാക്കി. 447 റണ്‍സുമായി ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും വാര്‍ണര്‍ മുന്നിലെത്തി.

വാര്‍ണര്‍  ഉസ്മാന്‍ ഖ്വാജ സഖ്യം രണ്ടാം വിക്കറ്റില്‍ 192 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 72 പന്തുകള്‍ നേരിട്ട ഖ്വാജ 10 ബൗണ്ടറികളോടെ 89 റണ്‍സെടുത്ത് പുറത്തായി. വെറും 10 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 32 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സവെല്ലിന്റെ ഇന്നിങ്‌സാണ് ഓസീസിനെ 350 കടത്തിയത്. 

ആരോണ്‍ ഫിഞ്ച്   ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അലക്‌സ് കാരിയും (11*), മാര്‍ക്കസ് സ്‌റ്റോയ്‌നിസും (17*) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''