കായികം

അവസാന പോരിൽ ആശ്വാസം; ചെന്നൈയെ വീഴ്ത്തി വിജയത്തോടെ പഞ്ചാബിന്റെ മടക്കം 

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കി കിങ്സ് ഇലവൻ പ‍ഞ്ചാബ്. പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അസ്തമിച്ച അവർ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് അവസാന പോരിൽ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരി‍ൽ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടും അവർ ഒഴിവാക്കി. തോൽവിയോടെ ചെന്നൈയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയുയർന്നു.

ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവർ 170 റൺസെടുത്തു. 12 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് 173 റൺസെടുത്ത് ലക്ഷ്യത്തിലെത്തി. 

തകർപ്പൻ അർധ സെഞ്ച്വറിയുമായി സീസൺ അവസാനിപ്പിച്ച ഓപണർ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് പഞ്ചാബിന് അനായാസ ജയമൊരുക്കിയത്. 36 പന്തുകൾ നേരിട്ട രാഹുൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും സഹിതം 71 റൺസെടുത്താണ് രാഹുൽ മടങ്ങിയത്. ക്രിസ് ഗെയ്‍ൽ 28 പന്തിൽ രണ്ട് വീതം സിക്സും ബൗണ്ടറിയും സഹിതം 28 റൺസെടുത്തു. ഓപണിങ് വിക്കറ്റിൽ രാഹുൽ, ഗെയ്‍ൽ സഖ്യം 108 റൺ‌സ് കൂട്ടിച്ചേർത്തു.

ഇരുവരും തുടർച്ചയായ പന്തുകളിൽ ഹർഭജൻ സിങ്ങിനു വിക്കറ്റ് സമ്മാനിച്ചെങ്കിലും നിക്കോളാസ് പൂരന്റ വെടിക്കെട്ട് ബാറ്റിങ് അവരെ വിജയത്തിനു വക്കിലെത്തിച്ചു. പൂരന്‍ 22 പന്തിൽ രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 36 റൺസെടുത്തു. മായങ്ക് അഗർവാൾ ഏഴ് റൺസുമായി മടങ്ങി. എന്നാൽ മൻദീപ് സിങ് (11), സാം കറൻ (ആറ്) എന്നിവർ ചേർന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. ചെന്നൈയ്ക്കായി ഹർഭജൻ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര‍ ജഡേജ ഒരു വിക്കറ്റെടുത്തു. 

നേരത്തെ, സെഞ്ച്വറിക്ക് നാല് റൺസ് അകലെ വീണുപോയ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിസിന്റേയും അർധ സെഞ്ച്വറിയുമായി ഉറച്ച പിന്തുണ നൽകിയ സുരേഷ് റെയ്നയുടെയും മികവിലാണ് ചെന്നൈ പഞ്ചാബിനു മുന്നിൽ 171 റൺസിന്റെ വിജയ ലക്ഷ്യമുയർത്തിയത്. ഡുപ്ലസിസ് 55 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 96 റൺസെടുത്തത്. സുരേഷ് റെയ്ന 38 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 53 റൺസെടുത്തു. 

സ്കോർ 30ൽ നിൽക്കെ ഷെയ്ൻ വാട്സനെ നഷ്ടമായ ചെന്നൈക്ക് രണ്ടാം വിക്കറ്റിൽ ഡുപ്ലസിസ്, റെയ്ന സഖ്യം പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. 75 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും കൂട്ടിച്ചേർത്തത് 130 റൺസാണ്. പഞ്ചാബിനായി സാം ക്യൂറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി