കായികം

ക്രൊയേഷ്യയെ നേരിടാന്‍ ഇന്ത്യ...? സൗഹൃദ ഫുട്‌ബോളിന് കളമൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

സഗ്രെബ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മാറ്റത്തിന്റെ വഴിയിലാണ്. ക്രൊയേഷ്യക്കാരനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാചിന്റെ കീഴില്‍ ടീം അനുദിനം മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഖത്തറിനെതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം സമീപ ദിവസങ്ങളില്‍ ആരാധകരില്‍ ആവേശം തീര്‍ത്തിരുന്നു. 

ഇപ്പോഴിതാ മറ്റൊരു നിര്‍ണായക വിവരമാണ് പുറത്തു വരുന്നത്. ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമുമായി ഇന്ത്യ സമീപ ഭാവിയില്‍ സൗഹൃദ പോരാട്ടം നടത്തും. ഇതിനുള്ള കളമൊരുങ്ങുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഞായറാഴ്ച എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ടീം ഡയറക്ടര്‍ അഭിഷേക് യാദവ്, പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് എന്നിവരടങ്ങിയ സംഘമാണ് ക്രൊയേഷ്യന്‍ എഫ്എയുമായി അവിടെ ചര്‍ച്ച നടത്തിയത്. ഇതിഹാസ താരവും ക്രൊയേഷ്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡേവര്‍ സുകേറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ക്രൊയേഷ്യന്‍ സംഘം നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി. 

അടുത്ത വര്‍ഷമാണ് ഇന്ത്യ- ക്രൊയേഷ്യ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മത്സരം സംഘടിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോച്ച് സ്റ്റിമാച്. മാര്‍ച്ച് 23നും 31നും ഇടയില്‍ പോരാട്ടം നടന്നേക്കും. 

സൗഹൃദ മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികാസത്തിന് ക്രിയാത്മകമായി തന്നെ സഹായം നല്‍കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് ക്രൊയേഷ്യയില്‍ പരിശീലനം നല്‍കുന്നതും ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കുന്നതടക്കമുള്ള പദ്ധതികളും ചര്‍ച്ചയായി. ഇതിനുപുറമെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രൊയേഷ്യന്‍ ലീഗില്‍ പരിശീലനം നല്‍കുന്നതും ഇന്ത്യന്‍ യൂത്ത് ടീം ഉള്‍പ്പെടുന്ന ടൂര്‍ണമെന്റും ചര്‍ച്ചകളില്‍ വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?