കായികം

'ടെസ്റ്റില്‍ ഓപണറാകണം, അതുകൊണ്ട് സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി'; രോഹിതിനെ ട്രോളി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വിജയനഗരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി ഇറങ്ങാനൊരുങ്ങുന്ന രോഹിത് ശര്‍മയ്ക്ക് സന്നാഹ മത്സരത്തില്‍ നിരാശ. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ നായകനായി ദക്ഷിണാഫ്രിക്കന്‍സിനെതിരെ ത്രിദിന പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനിറങ്ങിയ രോഹിത് രണ്ട് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി പുറത്തായി. 

ദക്ഷിണാഫ്രിക്കന്‍സ് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. ഇന്ന് മത്സരം അവസാനിക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍സിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 159 റണ്‍സ് കൂടി വേണം. ഒരു റണ്‍ വീതമെടുത്ത് സിധേഷ് ലാഡും ശ്രികര്‍ ഭരതുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 

60 റണ്‍സെടുത്ത പ്രിയങ്ക് പഞ്ചാല്‍ മികവ് പുലര്‍ത്തി. മായങ്ക് അഗര്‍വാള്‍ (39), അഭിമന്യു ഈശ്വരന്‍ (13), കരുണ്‍ നായര്‍ (19) എന്നിവരാണ് പുറത്തായ മറ്റ് ബ്റ്റ്‌സ്മാന്‍മാര്‍. 

മായങ്ക് അഗര്‍വാളിനൊപ്പം, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ഇന്നിങ്‌സ് ഓപണ്‍ ചെയ്ത രോഹിത്
നേരിട്ട രണ്ടാം പന്തില്‍ത്തന്നെ വെര്‍ണോണ്‍ ഫിലാന്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യാനിരിക്കുന്ന രോഹിതിന് കനത്ത തിരിച്ചടിയാണ് പരിശീലന മത്സരത്തിലെ ബാറ്റിംഗ് നല്‍കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതെന്ന കാര്യം ടീം പ്രഖ്യാപനത്തിനിടെ സെലക്ടര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് കൊണ്ടു തന്നെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും, ദക്ഷിണാഫ്രിക്കന്‍സും തമ്മില്‍ നടക്കുന്ന പരിശീലന മത്സരം ഓപണിങ് സ്ഥാനത്ത് രോഹിതിന് മികച്ച മുന്നൊരുക്കമാകുമെന്ന് കരുതിയാണ് അദ്ദേഹത്തെ നായകനാക്കിയത്. 

രോഹിത് പൂജ്യത്തിന് പുറത്തായതോടെ താരത്തിനെതിരെ ട്രോളുമായി നിരവധി ആരാധകരാണ് സാമൂഹിക മാധ്യമങ്ങളിലെത്തിയത്. നിരവധി താരങ്ങള്‍ പിന്തുണയ്ക്കുമ്പോഴും രോഹിത്തിനെ ടെസ്റ്റ് ഓപണറാക്കാന്‍ കൊള്ളില്ല എന്നാണ് ആരാധകരുടെ വാദം. രോഹിത്തിന് പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന അഭിമന്യു ഈശ്വരനെയും പ്രിയങ്ക് പഞ്ചാലിനെയും ഓപണിങ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് മോംഗിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ പരിഹാസം ഹിറ്റ്മാന് നേരിടേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി