കായികം

'സർവൻ, നിങ്ങൾ കൊറോണ വൈറസിനേക്കാൾ ഭീകരനാണ്; ഒരു വിഷപ്പാമ്പ്'- പൊട്ടിത്തെറിച്ച് ക്രിസ് ​ഗെയ്ൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റൺ: മുൻ സഹ താരം രാം നരേഷ് സർവനെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ച് വിൻഡീസ് വെറ്ററൻ താരം ക്രിസ് ​ഗെയ്ൽ. കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) ജമൈക്ക ടലാവ്സിൽ നിന്ന് പുറത്തായതിനു പിന്നാലെയാണ് ടീമിന്റെ സഹ പരിശീലകൻ കൂടിയായ സർവനെതിരെ ​ഗെയ്ൽ രം​ഗത്തെത്തിയത്. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗെയ്‌ൽ സർവനെ കടന്നാക്രമിച്ചത്. വളരെ അപൂർവമായി മാത്രമേ മറ്റു താരങ്ങളെ പേരെടുത്തു ​ഗെയ്ൽ വിമർശിക്കാറുള്ളു. ഇക്കാര്യം ക്രിക്കറ്റ് ലോകത്തിനും ഇപ്പോൾ കൗതുകമായിരിക്കുകയാണ്. 

ജമൈക്ക ടലാവ്സിൽ നിന്നു പുറത്തായതിനു പിന്നാലെ 40 കാരനായ ഗെയ്‍ൽ സെന്റ് ലൂസിയ സൂക്സിൽ മാർക്വീ താരമായി ചേർന്നിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ ഗെയ്‍ലിന്റെ നാലാമത്തെ ടീമാണ് സെന്റ് ലൂസിയ. കഴിഞ്ഞ സീസണിനു മുന്നോടിയായാണ് ഗെയ്‍ൽ വീണ്ടും ടലാവ്സിലേക്കു തിരിച്ചെത്തിയത്. മൂന്ന് വർഷത്തെ കരാറിലാണ് തിരിച്ചെത്തിയ്. എന്നാൽ കാലാവധി പൂർത്തിയാക്കും മുൻപ് താരത്തെ ടീം കൈവിടുകയായിരുന്നു.

ടീമിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണം സഹ പരിശീലകനായ സർവനാണെന്നാണ് ഗെയ്‌ലിന്റെ ആരോപണം. തന്റെ മുൻ സഹതാരം കൂടിയായ സർവനാണ് ടീം ഉടമയെയും മാനേജ്മെന്റിനെതിരെയും തനിക്കെതിരെ തിരിച്ചതെന്ന് ഗെയ്‌ൽ‌ ആരോപിച്ചു. വിമർശനത്തിന്റെ പാരമ്യത്തിലാണ് ‘കൊറോണ വൈറസിനേക്കാൾ ഭീകരൻ’ എന്ന് ഗെയ്‍ൽ സർവനെ വിശേഷിപ്പിച്ചത്.

‘ഞാൻ ടലാവ്സിലേക്കു തിരിച്ചെത്തുമ്പോൾ സർവനായിരുന്നു സഹ പരിശീലകൻ. ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ തനിക്ക് പ്രധാന പരിശീലകനാകാനുള്ള ആഗ്രഹം സർവൻ വെളിപ്പെടുത്തിയിരുന്നു. മുഖ്യ പരിശീലകനാകുന്നതിനുള്ള പരിചയ സമ്പത്ത് ആയിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. ഇടയ്ക്ക് ഞാൻ ടലാവ്സ് വിടുമ്പോൾ സുസജ്ജമായ ടീമായിരുന്നു ഇത്. പക്ഷേ അതിനു ശേഷം ടീമിനെക്കുറിച്ച് എനിക്കു കിട്ടിയ മോശം അഭിപ്രായം ഞെട്ടിച്ചു. അന്ന് റസ്സലായിരുന്നു ടീം ക്യാപ്റ്റൻ. ഇരുവരും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയിലായിരുന്നില്ല. സർവന്റെ പീഡനം ഒട്ടേറെ താരങ്ങളെയാണ് ബുദ്ധിമുട്ടിച്ചത്’– ഗെയ്ൽ പറഞ്ഞു. 

‘സർവൻ, നിങ്ങൾ ഇപ്പോൾ കൊറോണ വൈറസിനേക്കാൾ ഭീകരനാണ്. ടലാവ്സുമായി ബന്ധപ്പെട്ട് എനിക്കു സംഭവിച്ച കാര്യങ്ങളിൽ നിങ്ങൾക്ക് ശക്തമായ പങ്കുണ്ട്. എന്റെ പിറന്നാൾ ആഘോഷത്തിൽ നമ്മുടെ സൗഹൃദത്തെക്കുറിച്ചൊക്കെ വാതോരാതെ വലിയ പ്രസംഗം നടത്തിയത് എനിക്ക് ഓർമയുണ്ട്. നിങ്ങളൊരു വിഷപ്പാമ്പാണ്. കരീബിയൻ നാടുകളിൽ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തി നിങ്ങളല്ലെന്ന് നിങ്ങൾക്കുതന്നെ അറിയാം. നിങ്ങൾ വളരെ പ്രതികാര ദാഹിയാണ്. ഇപ്പോഴും പക്വതയെത്തിയിട്ടുമില്ല. പിന്നിൽ നിന്നു കുത്താനും മിടുക്കനാണ്. എന്നാണ് ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുക?’ – ഗെയ്‍ൽ ചോദിച്ചു.

‘1996 കാലഘട്ടത്തിൽ കളിച്ചിരുന്നവരിൽ ഇന്നും സജീവ ക്രിക്കറ്റിലുള്ള ഏകയാൾ ഞാനാണ്. മറ്റെല്ലാവരും വിരമിച്ചു. ഇപ്പോഴും സജീവമായി തുടരുന്നത് ഞാൻ മാത്രം. ഞാൻ വിജയിച്ചു നിൽക്കുന്നത് അവരെ മുറിപ്പെടുത്തുന്നുണ്ടാകും. ഞാൻ സംസാരിക്കുന്നത് ഇപ്പോഴത്തെയും മുൻപത്തെയും താരങ്ങളെക്കുറിച്ചാണ്. പക്ഷേ ഇപ്പോൾ നിങ്ങളോടാണ് എനിക്ക് പറയാനുള്ളത്. മറ്റുള്ളവരോട് സമയമാകുമ്പോൾ പറയും’ – ഗെയ്‍ൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍