കായികം

'മറ്റുള്ളവര്‍ അകറ്റി നിര്‍ത്തി; ഒപ്പം കളിക്കാന്‍ വിസമ്മതിച്ചു; പിന്തുണച്ചത് അഫ്രീദി മാത്രം'- തുറന്നു പറഞ്ഞ് മുഹമ്മദ് ആമിര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: സജീവ ക്രിക്കറ്റ് മതിയാക്കുകയാണെന്ന പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് 28കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആമിറിന്റെ തീരുമാനം. 

മികച്ച പേസറായി ചെറിയ പ്രായത്തില്‍ തന്നെ ടീമിലെത്തിയ ആമിര്‍ പിന്നീട് ഒത്തുകളി വിവാദമടക്കമുള്ളവയില്‍ ആരോപിതനാകുകയും വിലക്കും മറ്റും നേരിടുകയും ചെയ്ത ശേഷം വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തിയ താരമാണ്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞ താരം പിന്നീട് പരിമിത ഓവര്‍ മത്സരങ്ങളില്‍ കളിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍. 

ഇപ്പോഴിതാ ടീമില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ചും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ആ സമയത്ത് ടീമിന്റെ നായകനായിരുന്ന ഷാഹീദ് അഫ്രീദി മാത്രമാണ് തന്നെ പിന്തുണച്ചതെന്ന് ആമിര്‍ പറയുന്നു. ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പേസര്‍ മനസ് തുറന്നത്. 

ഒത്തുകളി വിവാദമുണ്ടായ കാലത്ത് ടീമിലെ മറ്റ് താരങ്ങളെല്ലാം തന്നെ അകറ്റി നിര്‍ത്തുകയായിരുന്നു. തനിക്കൊപ്പം കളിക്കാന്‍ ടീമിലെ മറ്റ് താരങ്ങള്‍ വിസമ്മതം കാണിച്ചപ്പോള്‍ അന്ന് ക്യാപ്റ്റനായിരുന്ന ഷാഹീദ് അഫ്രീദി വലിയ പിന്തുണയാണ് തന്നത്. എന്ത് വന്നാലും ആമിര്‍ കളിച്ചിരിക്കും എന്ന് 
ടീമിലെ മറ്റ് താരങ്ങളോട് അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞു. അക്കാര്യത്തില്‍ ഷാഹിദ് ഭായിയോട് തനിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ടെന്ന് ആമിര്‍ വ്യക്തമാക്കി. 

ചെറിയ പ്രായത്തില്‍ തന്നെ പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച താരമായ ആമിറിന് ആ മികവ് നിലനിര്‍ത്താന്‍ സാധിക്കാതെ പോയി. പാകിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 50 ടി20 മത്സരവും കളിച്ച താരമാണ് ആമിര്‍. യഥാക്രമം 119, 81, 59 വിക്കറ്റുകളും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു