കൊല്‍ക്കത്ത: നടപ്പ് സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ മികച്ച ഫോമിലാണ് വെറ്ററന്‍ ബാറ്റ്സ്മാന് മനോജ് തിവാരി. ബംഗാളിന്റെ ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശത്തില്‍ തിവാരിയുടെ ബാറ്റ് മികച്ച സംഭാവനയാണ് നല്‍കിയത്. ഗ്രൂപ്പ് എയില്‍ പഞ്ചാബിനെ 48 റണ്‍സിന് കീഴടക്കിയാണ് ബംഗാള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മത്സരത്തിന്റെ രണ്ടിന്നിങ്സിലും തിവാരി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ 73 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 65 റണ്‍സുമാണ് തിവാരി എടുത്തത്.
മത്സരത്തിലെ തന്റെ തന്നെ ബാറ്റിങിന്റെ ഒരു ക്ലിപ് ട്വിറ്റര്‍ പേജില്‍ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് തിവാരി. കുത്തിത്തിരിയുന്ന പിച്ചില്‍ സ്പിന്നിനെ മനോഹരമായി നേരിട്ട് ബൗണ്ടറിയടിക്കുന്ന വീഡിയോയാണ് താരം പങ്കിട്ടത്.
കുത്തിത്തിരിയുന്ന പിച്ചില്‍ സ്പിന്നിനെ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പരിചയ സമ്പന്നനായ തിവാരി ഇടം കൈയന്‍ സ്പിന്നര്‍ എറിഞ്ഞ ഓഫ് സ്റ്റംപിന് പുറത്തേക്ക് വന്ന പന്തിനെ മനോഹരമായി നേരിടുന്നതാണ് വീഡിയോയില്‍. ഈ സമയത്തെ പഞ്ചാബ് വിക്കറ്റ് കീപ്പറുടെ പ്രതികരണവും വീഡിയോയില്‍ കാണാം. ഈ പ്രതികരണം മുന്‍നിര്‍ത്തി ഒരു കുറിപ്പും വീഡിയോക്കൊപ്പം തിവാരി പങ്കിട്ടിട്ടുണ്ട്.
'ടേണിങ് ട്രാക്കില്‍ സ്പിന്നിനെ കളിക്കരുതെന്ന് കോച്ച് നിങ്ങളോട് പറയും. എന്നാല്‍ ഞാന്‍ കളിക്കുന്നത് നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. എന്തായാലും വിക്കറ്റ് കീപ്പറുടെ പ്രതികരണം ഇഷ്ടപ്പെട്ടു'- തിവാരി കുറിച്ചു. താരത്തിന്റെ വീഡിയോ വൈറലായി മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ