കായികം

'എല്ലാ ക്രെഡിറ്റും വിരാട് കോഹ്‌ലിയ്ക്ക്'- ക്യാപ്റ്റനെ അഭിനന്ദിച്ച് ജഡേജ

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വലിയ പ്രാധാന്യമാണ് നല്‍കാറുള്ളത്. ഇന്ത്യന്‍ ടീമിലെ മൊത്തം കളിക്കാരുടെ ഫിറ്റ്‌നസ് കാര്യത്തിലും കോഹ്‌ലി നിര്‍ബന്ധം കാണിക്കാറുണ്ട്. ടീം തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെ വരാന്‍ തുടങ്ങിയതും കോഹ്‌ലി നായകനായ ശേഷമാണ്. 

ഇപ്പോഴിതാ ലോകത്തെ മികച്ച ഫീല്‍ഡറായി താന്‍ മാറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഫിറ്റ്‌നസ് കാര്യത്തിലെ നിര്‍ബന്ധ ബുദ്ധിയാണ് തന്റെ ഫീല്‍ഡിങ് മികവിന്റെ അടിസ്ഥാനമെന്ന് ജഡേജ പറയുന്നു. ഫിറ്റായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം തനിക്ക് വ്യക്തമാക്കി തന്നത് കോഹ്‌ലിയാണെന്നും ജഡേജ പറയുന്നു. 

'ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. പക്ഷേ ഞാന്‍ ഒന്നും നിസാരമായി കാണുന്നില്ല. കളി സ്വയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഫിറ്റ്‌നസ് നിലനിര്‍ത്താനുമായി നിരന്തരം പരിശീലിക്കുന്നു. തോളുകളുടെ ആയാസത്തിനായി വ്യായാമങ്ങള്‍ നടത്തുകയും അതിനായി ഓടുകയും ചെയ്യുന്നു. എന്റെ ഫിറ്റ്‌നസ് അങ്ങനെയാണ് ഞാന്‍ നിലനിര്‍ത്തുന്നത്'- ജഡേജ പറയുന്നു. 

സ്വയം ഫിറ്റ്‌നസ് നിലനിര്‍ത്തി സഹ താരങ്ങള്‍ക്ക് അതിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ നിലപാടിനെക്കുറിച്ചും ജഡേജ പറയുന്നു. ടീമിലെ താരങ്ങള്‍ ഫിറ്റായി ഇരിക്കുന്നതിന്റെ പ്രധാന കാരണം കോഹ്‌ലിയാണെന്ന് ജഡേജ പറയുന്നു. 

'വിരാട് തീര്‍ച്ചയായും വളരെ ആവേശഭരിതനും ക്രിയാത്മക മനോഭവത്തിനുടമയും ഫിറ്റുമാണ്. ഫിറ്റ്‌നസില്‍ അദ്ദേഹം വളരെയധികം വിശ്വസിക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാവരും അവരുടെ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് കോഹ്‌ലി ടീം അംഗങ്ങളോട് പറയാറുണ്ട്. ഇപ്പോള്‍ ടീമിലെ എല്ലാവരും അവരുടെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നു. അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് മൈതാനത്ത് ഇപ്പോള്‍ കാണാന്‍ സാധിക്കും'- ജഡേജ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ