കായികം

മഴയിൽ ഒലിക്കുമോ? ഇന്ത്യ- ​​ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം കളി വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയൻ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം കളി ആരംഭിക്കാൻ വൈകുന്നു. രാവിലെ മുതൽ കനത്ത മഴ പെയ്യുകയാണ്. ഇതോടെയാണ് രണ്ടാം ദിനം കളി തുടങ്ങാൻ വൈകുന്നത്. 

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിലാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയ കെഎൽ രാഹുൽ, അർധ സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ, ഫോമിലേക്ക് മടങ്ങിയെത്തിയ അജിൻക്യ രഹാനെ എന്നിവരുടെ മികച്ച ബാറ്റിങാണ് ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രാഹുൽ 248 പന്തുകൾ നേരിട്ട് 122 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. 17 ഫോറുകളും ഒരു സിക്‌സും സഹിതമാണ് രാഹുൽ സെഞ്ച്വറി കുറിച്ചത്. ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ രാഹുൽ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് സെഞ്ചൂറിയനിൽ കുറിച്ചത്. 

സെഞ്ച്വറി കൂട്ടുകെട്ട്

ഫോം ഇല്ലാതെ ദീർഘ നാളായി ഉഴറിയ അജിൻക്യ രഹാനെയും മികവിലേക്ക് ഉയരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. രഹാനെയും പുറത്താകാതെ നിൽക്കുന്നു. എട്ട് ഫോറുകൾ സഹിതം രഹാനെ 81 പന്തിൽ 40 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 

ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ- മായങ്ക് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യ ആദ്യ സെഷൻ വിക്കറ്റ് നഷ്ടമില്ലാതെ പൂർത്തിയാക്കി. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ 60 റൺസ് എടുത്ത് നിന്ന മായങ്ക് അഗർവാളിനെ എൻഗിഡി വിക്കറ്റിന് മുൻപിൽ കുടുക്കി. 117 റൺസ് രാഹുലിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്താണ് മായങ്ക് മടങ്ങിയത്. 

മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വർ പൂജാര ഗോൾഡൻ ഡക്കായി മടങ്ങി. പിന്നാലെ എത്തിയ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താൻ സാധിച്ചില്ല. 35 റൺസുമായി കോഹ്‌ലി പവലിയനിലേക്ക് മടങ്ങി. 

എൻഗിഡിയുടെ ഗുഡ് ലെങ്ത് ബോൾ മായങ്കിനെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. അമ്പയർ ഔട്ട് വിളിക്കാതിരുന്നതോടെ ദക്ഷിണാഫ്രിക്ക റിവ്യു എടുത്തു. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ കൊള്ളുന്നില്ലെന്ന് വ്യക്തമായി. ബോൾ ട്രാക്കിങ്ങിൽ വിക്കറ്റിൽ ഹിറ്റ് ചെയ്യുന്നെന്ന് വ്യക്തമായതോടെ മായങ്കിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. 

പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ പൂജാരയും മടങ്ങി. പൂജാരയെ എൻഗിഡി പീറ്റേഴ്സന്റെ കൈകളിൽ എത്തിച്ചു. ഇൻസൈഡ് എഡ്ജ് ആയി പന്ത് ഷോർട്ട് ലെഗ്ഗിലേക്ക് എത്തുകയായിരുന്നു. ആദ്യ സെഷനിൽ ലൈനും ലെങ്ത്തും കണ്ടെത്താനാവാതെ വിഷമിച്ച എൻഗിഡിയാണ് ഉച്ചഭക്ഷണത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയത്. കോഹ്‌ലിയേയും എൻഗിഡി തന്നെയാണ് മടക്കിയത്. ക്യാപ്റ്റൻ മൾഡർക്ക് പിടി നൽകിയാണ് മടങ്ങിയത്. ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും എൻഗിഡി പോക്കറ്റിലാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍