കായികം

മഴ മാറിയപ്പോള്‍ കൂട്ടത്തകര്‍ച്ച; ശ്രീലങ്കക്കെതിരെ ഇന്ത്യ 225ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ 225 റണ്‍സിന് പുറത്ത്. മഴ കളി മുടക്കിയതിനെ തുടര്‍ന്ന് മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. 43.1 ഓവറിലാണ് ഇന്ത്യ 225 റണ്‍സ് കണ്ടെത്തിയത്. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് മഴ മാറി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. പിന്നീട് വലറ്റത്ത് നവ്ദീപ് സെയ്‌ന (15), രാഹുല്‍ ചഹര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 200 കടത്തുകയായിരുന്നു. 

പൃഥ്വി ഷാ (49), മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ (46) എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. പിന്നീട് സൂര്യകുമാര്‍ യാദവും പിടിച്ചു നിന്നു. 

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (13), മനീഷ് പാണ്ഡെ (11), ഹര്‍ദിക് പാണ്ഡ്യ (19), നിതീഷ് റാണ (ഏഴ്), കൃഷ്ണപ്പ ഗൗതം (രണ്ട്) എന്നിവരാണ് പുറത്തായത്. ചേതന്‍ സക്കറിയ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

അരങ്ങേറ്റ ഏകദിനത്തില്‍ അര്‍ധ ശതകത്തിന് തൊട്ടരികില്‍ വീഴാനായിരുന്നു സഞ്ജുവിന് യോഗം. 46 പന്തില്‍ നിന്ന് 5 ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെയാണ് സഞ്ജു 46 റണ്‍സ് എടുത്ത് മടങ്ങിയത്. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നായകന്‍ ശിഖര്‍ ധവാനെ നഷ്ടമായി. തുടരെ ബൗണ്ടറികളുമായി ധവാന്‍ മിന്നും തുടക്കത്തിന് ശ്രമിച്ചെങ്കിലും ദുഷ്മന്ത ചമീരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

പിന്നാലെ സഞ്ജുവും പൃഥ്വി ഷായും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 49 റണ്‍സില്‍ നില്‍ക്കെ ശനകയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയാണ് അര്‍ധ ശതകത്തിന് അരികെ പൃഥ്വി ഷാ വീണത്. 

കരുതലോടെയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. സ്ട്രൈക്ക് കൈമാറിയും ബൗണ്ടറികള്‍ കണ്ടെത്തിയും താളം കണ്ടെത്തിയ സഞ്ജു മികച്ച ഷോട്ടുകളിലൂടെ നിറഞ്ഞു. എന്നാല്‍ ഔട്ട്സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ലോഫ്റ്റഡ് കവര്‍ ഡ്രൈവിന് സഞ്ജു ശ്രമിച്ചപ്പോള്‍ പന്ത് നേരെ അവിഷ്‌ക ഫെര്‍നാന്‍ഡോയുടെ കൈകളില്‍. 

അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദസുന്‍ സനക, ചമിക കരുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം