കായികം

‘ഞാൻ വില്ലനാണെന്ന് എല്ലാവരും പറയും‘- മങ്കാദിങ് ചെയ്യാൻ അങ്കിത് വിസമ്മതിച്ചു; വെളിപ്പെടുത്തി അശ്വിൻ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2019ലെ ഐപിഎല്ലിൽ വിവാദമായ സംഭവമായിരുന്നു രാജസ്ഥാൻ റോയൽസ് താരമായിരുന്ന ജോസ് ബ‌ട്ലറെ അന്നത്തെ കിങ്സ് ഇലവൻ പ‍‍ഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്) നായകനായിരുന്ന ആർ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ആ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തുറന്നു. അശ്വിന്റെ ശ്രമം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരാണെന്ന നിരീക്ഷണമാണ് പരക്കെ ഉണ്ടായത്. 

അന്നത്തെ മറ്റൊരു മങ്കാദിങ് അനുഭവം കൂടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ. മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കുമായി യുട്യൂബ് ഷോയായ ‘ഡിആർഎസ് വിത് ആഷ്’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് ടീമിലെ സഹ താരമായിരുന്ന അങ്കിത് രജപുതിനോട് മങ്കാദിങ് ചെയ്യാൻ ആവശ്യപ്പെട്ട കാര്യം അശ്വിൻ വെളിപ്പെടുത്തിയത്. എന്നാൽ തന്റെ നിർദ്ദേശം പന്തെറിയാനെത്തിയ അങ്കിത് നിരസിച്ചതായി അശ്വിൻ പറയുന്നു. 

മുംബൈ ഇന്ത്യൻസുമായുള്ള നിർണായക മത്സരത്തിലായിരുന്നു സംഭവം. ആ മത്സരം ജയിച്ചാൽ പഞ്ചാബ് നോക്കൗട്ടിലെത്തും. എന്നിട്ടും അങ്കിത് ഭയം കൊണ്ട് മങ്കാദിങ് ചെയ്യാൻ കൂട്ടാക്കിയില്ലെന്നും മത്സരം ടീം തോറ്റതായും അശ്വിൻ പറയുന്നു. 

സംഭവത്തെക്കുറിച്ച് അശ്വിൻ പറയുന്നത് ഇങ്ങനെ- ‘രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്‍ലറിനെ പുറത്താക്കിയ സംഭവത്തിന് ശേഷം തൊട്ടടുത്ത മത്സരത്തിൽ ഞങ്ങൾ മുംബൈ ഇന്ത്യൻസിനെയാണ് നേരിട്ടത്. മത്സരത്തിൽ അവരുടെ അവസാന വിക്കറ്റിൽ രാഹുൽ ചഹറും അൽസാരി ജോസഫും ബാറ്റ് ചെയ്യുന്നു. അവസാന പന്തിൽ അവർക്കു ജയത്തിലേക്ക് വേണ്ടത് രണ്ട് റൺസ്. അവസാന ഓവർ എറിയുന്ന അങ്കിതിന്റെ അടുത്തെത്തി ഞാൻ പറഞ്ഞു പന്തെറിയും മുൻപ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങിയാൽ ബൗൾ ചെയ്യാതെ അവരോട് തിരികെ കയറാൻ ആവശ്യപ്പെടുക. പക്ഷേ അങ്കിത് ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നെക്കൊണ്ട് അതിനു കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’.

‘ഇതിന്റെ പേരിൽ എന്തൊക്കെ സംഭവിച്ചാലും തന്റെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പു നൽകി. എന്നിട്ടും അങ്കിതിന്റെ പേടി മാറിയില്ല. പന്തെറിയുന്നതിനു മുൻപേ അങ്കിതിന് വീണ്ടും പേടി കുടുങ്ങി. അദ്ദേഹം എന്റെ അടുത്തെത്തി പറഞ്ഞു; ഞാനതു ചെയ്താൽ വലിയ വിവാദമാകും. എന്നെ എല്ലാവരും വില്ലനായി കാണും. ഇതോടെ ഞാൻ അങ്കിതിന് ധൈര്യം പകർന്നു. ഇവിടെ നിങ്ങൾ ചെയ്യുന്നതാണ് ശരി. നോൺ സ്ട്രൈക്കർ ക്രീസ്‍ വിട്ടിറങ്ങിയാൽ പിഴവ് അദ്ദേഹത്തിന്റേതാണ്’. 

‘നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന രാഹുൽ ചഹർ പതിവുപോലെ ബൗളിങ് പൂർത്തിയാക്കും മുൻപേ പിച്ചിന്റെ പാതിദൂരം പിന്നിട്ടിരുന്നു. അവസാന പന്തിൽ രണ്ട് റൺസെടുത്ത് മത്സരം മുംബൈ ജയിച്ചു. ഇതിലെ ഒരു പ്രധാന പോയിന്റ് എന്താണെന്നു വച്ചാൽ, ആ മത്സരം ജയിച്ചിരുന്നെങ്കിൽ ഞങ്ങൾ നോക്കൗട്ടിലെത്തുമായിരുന്നു’– അശ്വിൻ പറഞ്ഞു.

നോൺ സ്ട്രൈക്കേഴ്സ് എൻഡിലുള്ള ബാറ്റ്സ്മാൻ പന്തെറിയും മുൻപ് ക്രീസ് വിടുന്നത് ന്യായീകരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അശ്വിൻ പറയുന്നു. ബൗളർമാർ എപ്പോഴൊക്കെ ക്രീസ് വിട്ടിറങ്ങുന്നുണ്ടോ അപ്പോഴെല്ലാം ബാറ്റ്സ്മാൻമാർക്ക് അനുകൂലമായി ഫ്രീ ഹിറ്റ് വിധിക്കും. പക്ഷേ, നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങിയാലും ആർക്കും പ്രശ്നമില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

‘നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാൻമാർ പന്തെറിയും മുൻപേ ക്രീസ് വിട്ട് ഏറെ മുന്നോട്ടു കയറി നിൽക്കുന്നത് ഇപ്പോൾ പതിവു കാഴ്ചയാണ്. അവരോട് ക്രീസിനുള്ളിൽ നിൽക്കാൻ പറയുന്നതു പോലും വലിയ അപരാധമായാണ് എല്ലാവരും കാണുക. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാനെ റണ്ണൗട്ടാക്കരുതെന്ന് പറയുന്നതിന്റെ യുക്തി എനിക്കു മനസിലാകുന്നില്ല.  പ്രത്യേകിച്ചും വാശിയേറിയ പോരാട്ടം നടക്കുമ്പോൾ ഇത്തരത്തിൽ ബാറ്റ്സ്മാനെ പുറത്താക്കുന്നതിൽ നിന്ന് ബൗളറെ തടയരുത്’ – അശ്വിൻ നിലപാട് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''