കായികം

'എന്ത് ഓള്‍ റൗണ്ടര്‍? ബാറ്റ് ചെയ്യും അത്രമാത്രം'- ഹര്‍ദ്ദിക്കിന് എതിരെ കപില്‍ ദേവ്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ ദേവ്. പിന്നീട് ആ നിലവാരത്തിലുള്ള ഒരു ഓള്‍റൗണ്ടര്‍ ഇന്ത്യക്ക് ഉണ്ടായോ എന്ന കാര്യം സംശയം.

ഇടക്കാലത്ത് മിന്നിത്തിളങ്ങിയ ഇര്‍ഫാന്‍ പഠാന്‍ കപിലിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചിക്കപ്പെട്ടങ്കിലും അതുണ്ടായില്ല. സമീപ കാലത്ത് ഇന്ത്യ പ്രതീക്ഷയോടെ കണ്ട മറ്റൊരു പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ്. എന്നാല്‍ പാണ്ഡ്യ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. 2020 ന് ശേഷം ബൗള്‍ ചെയ്യാത്ത ഹര്‍ദ്ദിക് ടി20 ലോകകപ്പില്‍ പന്തെറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. 

ഇപ്പോഴിതാ താരത്തെ ഓള്‍റൗണ്ടര്‍ എന്നു വിളിക്കാന്‍ സാധിക്കില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് കപില്‍ ദേവ്. ലോകകപ്പില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ ടീമില്‍ ഇടമില്ലാതെ പുറത്തിരിക്കുകയാണ് ഹര്‍ദ്ദിക്. മികവോടെ പന്തെറിയാന്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രം ടീമിലേക്ക് മടങ്ങിയെത്താമെന്ന നിലയിലാണ് നിലവില്‍ ഹര്‍ദ്ദിക് നില്‍ക്കുന്നത്. 

ഹര്‍ദ്ദിക് ബൗള്‍ ചെയ്യാതെ ഇരിക്കുന്ന കാലത്തോളം അദ്ദേഹത്തെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന് കപില്‍ പറയുന്നു. ഹര്‍ദ്ദിക് മികച്ച ബാറ്ററാണ് എന്നതില്‍ തര്‍ക്കമില്ലെന്നും കപില്‍ പറയുന്നു. 

'പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികവ് പുലര്‍ത്തുന്നുണ്ടെങ്കില്‍ ഹര്‍ദ്ദികിനെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. പിന്നെങനെ അദ്ദേഹത്തെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കും. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടി അദ്ദേഹം മികവോടെ പന്തെറിയട്ടെ അപ്പോള്‍ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാം'. 

'അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാകുന്ന ബാറ്ററാണ്. അദ്ദേഹം കൂടുതല്‍ മത്സരങ്ങള്‍ കളിക്കട്ടെ, കൂടുതല്‍ പന്തുകള്‍ എറിയട്ടെ അപ്പോള്‍ മാത്രം ഓള്‍റൗണ്ടര്‍ എന്ന് പറയാം'- കപില്‍ വ്യക്തമാക്കി. 

സമീപ കാലത്ത് ഹര്‍ദ്ദികിനെ ബാറ്റര്‍ എന്ന നിലയ്ക്ക് മാത്രമാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പിന്നീട് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ താരം കളിച്ചില്ല. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരകളാണ് ഹര്‍ദ്ദികിന് മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി