കായികം

'ഫിനിഷറുടെ റോൾ നൽകി; വെല്ലുവിളി ഏറ്റെടുത്ത് മികവു കാട്ടി'- അയ്യരുടെ വളർച്ച ശ്രദ്ധേയമെന്ന് ദ്രാവിഡ്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 അവസാനിച്ചപ്പോൾ ക്രിക്കറ്റ് വിദ​ഗ്ധർ പ്രത്യേകം ശ്രദ്ധിച്ച താരം വെങ്കടേഷ് അയ്യരാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായി ഓപ്പണറായാണ് താരം ഇറങ്ങുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെത്തിയപ്പോൾ താരത്തിന്റെ റോൾ മധ്യനിരയിലേക്ക് മാറി. വിൻഡീസിനെതിരായ പോരാട്ടത്തിലെ മൂന്ന് മത്സരത്തിലും നിർണായക സംഭാവന നൽകാനും താരത്തിനായി. 

ഇപ്പോഴിതാ താരത്തിന്റെ മാറ്റത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഫിനിഷറുടെ റോളും വെങ്കടേഷ് അയ്യർ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ദ്രാവിഡ് പറയുന്നു. ഫിനിഷർ എന്ന നിലയിൽ അയ്യർ കൈവരിച്ച പുരോഗതിയിൽ സന്തോഷമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. 

പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 92 റൺസാണ് അയ്യർ നേടിയത്. ഇതിൽ രണ്ടാമത്തെ ടി20 മത്സരത്തിൽ 18 പന്തിൽ 33 റൺസടിച്ചും മൂന്നാം ടി20യിൽ 19 പന്തിൽ 35 റൺസടിച്ചും ഇന്ത്യൻ വിജയത്തിന് നിർണായക സംഭാവനകൾ നൽകി. ഇരു മത്സരങ്ങളിലും ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അയ്യർ ക്രീസിലെത്തിയതെങ്കിലും സമ്മർദ്ദമില്ലാതെ ബാറ്റു ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

പരിക്കുമൂലം ദീർഘനാളായി ടീമിനു പുറത്തുള്ള ഹാർദിക് പാണ്ഡ്യയുടെ സ്ഥാനത്തേക്കാണ് വെങ്കടേഷ് അയ്യരുടെ വരവ്. ആറാം ബൗളറായും ഉപയോഗിക്കാമെന്നത് അയ്യരെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകമാണ്. മൂന്നാം ടി20യിൽ പരിക്കേറ്റ് ദീപക് ചഹർ പാതിവഴിക്ക് മടങ്ങിയപ്പോൾ പകരം ബൗൾ ചെയ്തത് അയ്യരാണ്. 2.1 ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

‘ഐപിഎലിൽ അദ്ദേഹം വ്യത്യസ്തമായ ജോലിയാണ് (ഓപ്പണർ) ചെയ്യുന്നതെന്ന് എനിക്കറിയാം. പക്ഷേ, ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ റോളിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇന്ത്യൻ ടീമിൽ ഓപ്പണർമാർ ഉൾപ്പെടെ ആദ്യ മൂന്ന് പേർ മികച്ച പ്രകടനങ്ങളുമായി ടീമിൽ സ്ഥാനം ഉറപ്പിച്ചവരാണ്. അവിടെ അഴിച്ചുപണിയുടെ ആവശ്യമില്ല’.

‘അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഉത്തരവാദിത്വം നൽകിയാണ് ഞങ്ങൾ അയ്യരെ വെല്ലുവിളിച്ചത്. ഓരോ മത്സരം കഴിയുന്തോറും അദ്ദേഹം പുരോഗതി കൈവരിക്കുന്നതാണ് കാണുന്നത്. ആ വളർച്ച ശ്രദ്ധേയമാണ്. വളരെ സന്തോഷം’ – ദ്രാവിഡ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍