കായികം

'പീഡന പരാതി ഉന്നയിച്ചവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും'- പൊട്ടിക്കരഞ്ഞ് ​ഗുസ്തി താരങ്ങൾ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതിയിൽ ​​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ​താരങ്ങൾ വീണ്ടും സമര മുഖത്ത്. ഏഴ് താരങ്ങൾ രണ്ട് ദിവസം മുൻപ് ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമാണെന്നും താരങ്ങൾ പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും താരങ്ങൾ ആരോപിച്ചു. 

ജന്തർ മന്ദറിലാണ് താരങ്ങൾ പ്രതിഷേധിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കവെ താരങ്ങൾ പൊട്ടിക്കരഞ്ഞു. രാപ്പകൽ സമരവുമായാണ് താരങ്ങൾ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. സാക്ഷി മാലിക്, ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട്ട് അടക്കമുള്ള താരങ്ങളാണ് പ്രതിഷേധവുമായി രം​ഗത്തുള്ളത്. 

മൂന്ന് മാസം മുൻപും താരങ്ങൾ ഇതേ ആരോപണവുമായി സമര രം​ഗത്തുണ്ടായിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ വീണ്ടും സമരവുമായി രം​ഗത്തെത്തിയത്. മൂന്ന് മാസം മുൻപ് താരങ്ങൾ പ്രതിഷേധിച്ചപ്പോൾ ആരോപണം അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോ​ഗിച്ചു. എന്നാൽ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തു വിടണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.  

'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതു വരെ ഇവിടെ നിന്ന് മാറില്ല. മൂന്ന് മാസം മുൻപ് പരാതി പറഞ്ഞപ്പോൾ സമിതി രൂപീകരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല'- ബജ്റം​ഗ് പുനിയ വ്യക്തമാക്കി.

'ഇതൊരു വൈകാരിക വിഷയമാണ്. വനിതാ ​താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് പരസ്യമാക്കണം. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പരാതിക്കാരികളുടെ പേരുകൾ ചോർത്താൻ പാടില്ല'- സാക്ഷി മാലിക് പറഞ്ഞു.

'പല തവണ ശ്രമിച്ചിട്ടും സർക്കാരിന്റെ ഭാ​ഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. ഞങ്ങൾക്ക് നീതി ലഭിക്കുന്നതു വരെ ഇവിടെ തന്നെ നിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ തന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും തീരുമാനിച്ചു. മൂന്ന് മാസമായി കായിക മന്ത്രി അനുരാ​ഗ് ഠാക്കൂറടക്കമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ കമ്മിറ്റി അം​ഗങ്ങളടക്കമുള്ളവർ ഞങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. ഫോൺ ചെയ്താൽ കായിക മന്ത്രാലയത്തിന്റെ ഭാ​ഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയ താരങ്ങളാണ്. കരിയർ വരെ പണയപ്പെടുത്തിയാണ് ഇവിടെ നിൽക്കുന്നത്'- വിനേഷ് ഫോ​ഗട്ട് പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം