കായികം

'വേണ്ടപ്പെട്ടവനാണ്, പ്രകടനമില്ലെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പ്'- കെഎല്‍ രാഹുലിനെതിരെ വെങ്കിടേഷ് പ്രസാദ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ പേസര്‍ വെങ്കിടേഷ് പ്രസാദ്. കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് പ്രസാദ് രംഗത്തെത്തിയത്. എട്ട് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന രാഹുല്‍ നിരന്തരം ബാറ്റിങില്‍ പരാജയപ്പെട്ടിട്ടും ടീമില്‍ ഉള്‍പ്പെടുത്തുന്നതാണ് പ്രസാദിനെ ചൊടിപ്പിച്ചത്. 

നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ നിരന്തരം പരാജയപ്പെടുകയാണ് രാഹുല്‍. ടീമിലേക്ക് തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും തലപ്പത്തുള്ളവര്‍ക്ക് വേണ്ടപ്പെട്ടവനായതു കൊണ്ടു മാത്രമാണ് രാഹുല്‍ പരാജയപ്പെട്ടിട്ടും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും പ്രസാദ് തുറന്നടിച്ചു. 

'കെഎല്‍ രാഹുലിന്റെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം ശരാശരിക്കും താഴെയാണ്. എട്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 46 ടെസ്റ്റുകള്‍ കളിച്ച ഒരു താരത്തിന്റെ ശരാശരി 34 ആണ്. മറ്റാരെങ്കിലുമാണെങ്കില്‍ ഇപ്പോള്‍ ടീമില്‍ സ്ഥാനമുണ്ടാകില്ല.' 

'രാഹുലിനേക്കാള്‍ മികവ് പുലര്‍ത്തി നിരവധി താരങ്ങള്‍ പുറത്തു നില്‍ക്കുന്നു. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സര്‍ഫ്രാസ് ഖാന്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്നു. രാഹുലിനേക്കാള്‍ ടെസ്റ്റില്‍ സ്വാധീനമുള്ള മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവരെല്ലാം പുറത്തുണ്ട്. ഫോം ലഭിക്കുന്നത് വരെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുന്നത് ഭാഗ്യമാണ്. മറ്റു പലര്‍ക്കും അതു ലഭിക്കാറില്ല.' 

'രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മികച്ച രീതിയില്‍ ചിന്തിക്കുന്ന ആര്‍ അശ്വിന്‍, പൂജാര, ജഡേജ എന്നിവരില്‍ ഒരാളെയാണ് യഥാര്‍ഥത്തില്‍ വൈസ് ക്യാപ്റ്റനാക്കേണ്ടിരുന്നത്.' 

'പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല രാഹുലിന്റെ തിരഞ്ഞെടുപ്പ്. പലരുടേയും വേണ്ടപ്പെട്ടവനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാനം നിലനില്‍ക്കുന്നത്. സാധ്യതകളുണ്ടായിട്ടും അതൊന്നും പ്രകടനങ്ങളാക്കി മാറ്റാന്‍ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്‌നം.' 

'ഐപിഎല്‍ സാധ്യതകള്‍ നഷ്ടപ്പെട്ടാലോ എന്ന ഭയം കൊണ്ടാണ് പല മുന്‍ ക്രിക്കറ്റ് താരങ്ങളും രാഹുലിന് ലഭിക്കുന്ന ഈ അനുകൂല്യം കണ്ടിട്ടും പ്രതികരിക്കാത്തത്. ഒരു ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനെ ആരോപണത്തിന്റെ മുനയില്‍ നിര്‍ത്താന്‍ അവര്‍ക്ക് ആഗ്രഹമുണ്ടാകില്ല. അനഭിലഷണീയ കാര്യങ്ങള്‍ നടക്കുമ്പോള്‍ കണ്ടില്ലെന്ന് നടക്കാനാണ് ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം. അഭ്യുദയകാംക്ഷികളായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകര്‍. എന്നാല്‍ കാലം മാറി. ആളുകള്‍ ഇപ്പോള്‍ സത്യം പറയാന്‍ ആഗ്രഹിക്കുന്നില്ല'- പ്രസാദ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത