കായികം

'തിരിച്ചു വരവിന്റെ പാതയിൽ, പിന്തുണയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി'- ഋഷഭ് പന്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കാറപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്നും താരം ട്വിറ്ററിലിട്ട കുറിപ്പിൽ പറയുന്നു. ബിസിസിഐ, ജയ് ഷാ, സർക്കാർ അധികൃതർക്കും കുറിപ്പിൽ താരം നന്ദി പറയുന്നുണ്ട്. അപകടം നടന്നതിന് ശേഷം ആദ്യമായാണ് പന്ത് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

'എല്ലാ പിന്തുണകൾക്കും ആശംസകൾക്കും ഞാൻ നന്ദിയുള്ളവനാണ്. അതെന്നെ വിനീതനാക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വെല്ലുവിളികൾ സ്വീകരിക്കാൻ തിരിച്ചു വരവിന്റെ പാതയിലാണ്. അവിശ്വസനീയ പിന്തുണയ്ക്ക് ബിസിസിഐ, ജയ് ഷാ, സർക്കാർ അധികാരികൾ എല്ലാവരോടും നന്ദി.'

പിന്നീട് പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരാധകർക്കും ടീം അം​ഗങ്ങൾക്കും താരം നന്ദി പറയുന്നു. നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞ താരം നിങ്ങളെ മൈതാനത്ത് കാണാൻ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു.

'നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും എന്റെ എല്ലാ ആരാധകരോടും ടീമംഗങ്ങളോടും ഡോക്ടർമാരോടും ഫിസിയോകളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു. നിങ്ങളെയെല്ലാം മൈതാനത്ത് കാണാൻ കാത്തിരിക്കുകയാണ്'- കുറിപ്പിൽ പറയുന്നു.

ഡിസംബർ 30ന് പുലർച്ചെ റൂർക്കിയിൽ നിന്ന് കുടുംബത്തെ സന്ദർശിക്കാനായി ഡൽഹിയിലേക്ക് കാറിൽ വരുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതോടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. തീ പിടിച്ച കാറിൽ നിന്ന് വഴിയേ പോയവരാണ് പന്തിനെ രക്ഷിച്ചത്. ഡെറാഡൂണിൽ ചികിത്സയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വ്യോമ മാർഗം മുംബൈയിലെത്തിച്ചിരുന്നു.

പന്തിന്റെ കാൽമുട്ടിലെ പ്രധാനപ്പെട്ട മൂന്ന് ലിഗ്‌മെന്റുകൾക്കും കാര്യമായ പൊട്ടൽ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ പുനർ നിർമിച്ചു. ശേഷിക്കുന്ന ഒരെണ്ണം ശരിയാക്കാൻ ആറാഴ്ചകൾക്കു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തും.

പരിക്കിന്റെ ഗൗരവവും തുടർ ശസ്ത്രക്രിയകളും കാരണം ആറ് മാസത്തേക്ക് പന്തിന് കളത്തിലിറങ്ങാനാകില്ലെന്ന് ഉറപ്പ്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി കായിക ക്ഷമത വീണ്ടെടുത്ത് ടീമിൽ ഇടം പിടിക്കാനാകുന്ന കാര്യം സംശയത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍