കായികം

അന്വേഷിക്കാന്‍ മേരി കോം, യോഗേശ്വര്‍ ദത്ത്...; ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐഒഎ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ). അന്വേഷണത്തിനായി ഐഒഎ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് വിഷയം വിശദമായി ചര്‍ച്ച ചെയ്തത്. ഈ യോഗത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

ഒളിംപ്യന്‍ മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവടക്കം ഏഴ് പേരാണ് അംഗങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് താരങ്ങളോടടക്കം സമിതി സംസാരിക്കും. 

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീതി ആവശ്യപ്പെട്ട് ശക്തമായ സമരം നടത്തുകയാണ്. അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ അസോസിയേഷന് കത്തും നല്‍കിയിരുന്നു. പിന്നാലെയാണ് യോഗം ചേര്‍ന്ന് ഐഒഎ സമിതി രൂപീകരിച്ചത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 

വിനേഷ് ഫോഗട്ടടക്കമുള്ള താരങ്ങളാണ് അധ്യക്ഷനും പരിശീലകരടക്കമുള്ളവര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ നീതി ആവശ്യപ്പെട്ട് ഇവര്‍ സമരത്തിനിറങ്ങുകയായിരുന്നു. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. 

പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി എന്നാണ് ഗുസ്തി താരങ്ങളുടെ വെളിപ്പെടുത്തല്‍. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

ടോക്യോ ഒളിംപിക്സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗട്ട് പറഞ്ഞു. 'ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും'- ഫോഗട്ട് പറഞ്ഞു.

ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താരം ബജ്‌റംഗ് പുനിയ ആവശ്യപ്പെട്ടു. വിഷയത്തില്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ മാറ്റണമെന്ന നിലപാടാണ് താരങ്ങള്‍ സ്വീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ