കായികം

ചാമ്പ്യന്‍സ് ലീഗ്; ആഴ്‌സണലിന്റെ ആറാട്ട്, നാലടിച്ച് റയല്‍; ഗോളില്ലാതെ ബയേണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്‍ ടീമുകള്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു. മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ നാപ്പോളിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. 

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ പീരങ്കിപ്പട ലെന്‍സിന്റെ വലയില്‍ നിക്ഷേപിച്ചു. 13ാം മിനിറ്റില്‍ കെയ് ഹവേര്‍ട്‌സാണ് ഗോളടി തുടങ്ങിയത്. 21ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസൂസ്, 23ാം മിനിറ്റില്‍ ബുകായോ സക, 27ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ടിനെല്ലി, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാര്‍ട്ടിന്‍ ഒഡേഗാഡ്, ഒടുവില്‍ 89ാം മിനിറ്റില്‍ ജോര്‍ജീഞ്ഞോയുടെ പെനാല്‍റ്റി ഗോള്‍. രണ്ടാം പകുതിയില്‍ ആഴ്‌സണലിനെ കൂടുതല്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിക്കാന്‍ സാധിച്ചതു മാത്രം ലെന്‍സിനു ഓര്‍ക്കാനുണ്ട്. ജയത്തോടെ ആഴ്സണൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

സാന്റിയാഗോ ബെര്‍ണാബുവില്‍ ആവേശപ്പോരാട്ടമായിരുന്നു. റയലിനെതിരെ നാപ്പോളിയാണ് ലീഡെടുത്തത്. കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ അവര്‍ ജിയോവാനി സിമിയോണിയിലൂടെ ലക്ഷ്യം കണ്ടു. രണ്ട് മിനിറ്റിനുള്ളില്‍ റയലിന്റെ മറുപടി. റോഡ്രിഗോയിലൂടെ അവരുടെ സമനില. 22ാം മിനിറ്റില്‍ ജൂഡ് ബെല്ലിങാം വക രണ്ടാം ഗോള്‍. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ അവര്‍ ലീഡുമായി നിന്നു. 

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നാപ്പോളി ഗോള്‍ മടക്കി സമനില പിടിച്ചു. ആന്ദ്രെ ഫ്രാങ്ക് അംഗ്വിസയാണ് ഗോള്‍ നേടിയത്. പിന്നീട് കളിയുടെ അവസാന ഘട്ടം വരെ സമനിലയായിരുന്നു. 84ാം മിനിറ്റില്‍ നിക്കോ പസും ഇഞ്ച്വറി സമയത്ത് ജോസെലുവും റയലിനു ഗോളുകള്‍ സമ്മാനിച്ചതോടെ നാപ്പോളിയുടെ തിരിച്ചടി പ്രതീക്ഷകള്‍ അവസാനിച്ചു. 

ബയേണിനെ അവരുടെ സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ കോപ്പന്‍ഹെഗന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ശക്തമായ പ്രതിരോധമാണ് കോപ്പന്‍ഹെഗന്‍ തീര്‍ത്തത്. മറുഭാഗത്ത് ഗോളെന്നുറച്ച തുടരെ വന്ന ഷോട്ടുകള്‍ തടുത്ത് മാനുവല്‍ നൂയര്‍ ബയേണിന്റെ രക്ഷകനായി മാറി. 

കൈയിലിരുന്ന മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഗലാത്സരെയ്‌ക്കെതിരായ പോരാട്ടത്തില്‍ ആദ്യം 2-1നും പിന്നീട് 3-1നും മുന്നില്‍ നിന്ന യുനൈറ്റഡ് കളി കഴിഞ്ഞപ്പോള്‍ 3-3 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. 

11ാം മിനിറ്റില്‍ അലസാന്ദ്രോ ഗര്‍നാചോയുടെ ഗോളും 18ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളും മുന്‍ ചാമ്പ്യന്‍മാരെ മുന്നിലെത്തിച്ചു. എന്നാല്‍ 29ാം മിനിറ്റില്‍ ഹക്കിം സിയചിലൂടെ ഗലാത്സരെ ലീഡ് കുറച്ചു. രണ്ടാം പകുതി തുടങ്ങി 55ാം മിനിറ്റില്‍ സ്‌കോട്ട് മക്ക് ടോമിനെയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണ്ടും ലീഡുയര്‍ത്തി. 62ാം മിനിറ്റില്‍ സിയച് തന്റെ രണ്ടാം ഗോളിലൂടെ ഗലാത്സരെയുടെ ലീഡ് ഭാരം ഒരിക്കല്‍ കൂടി കുറച്ചു. ഒടുവില്‍ 71ാം മിനിറ്റില്‍ അക്തുര്‍കോഗ്ലുവിലൂടെ ഗലാത്സരെ സമനില സ്വന്തമാക്കി. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. ഗലാത്സരെ മൂന്നാം സ്ഥാനത്ത്. കോപ്പന്‍ഹെഗന്‍ രണ്ടാമത്.

ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ വലയിലിട്ട് ബെന്‍ഫിക്ക ഇന്റര്‍ മിലാനെ വിറപ്പിച്ചു. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് റയലിന്റെ ഗംഭീര തിരിച്ചു വരവ്. ബെന്‍ഫിക്കക്കായി ജാവോ മരിയോ ഹാട്രിക്കടിച്ചു. താരം 5, 13, 34 മിനിറ്റുകളില്‍ ഗോള്‍ നേടി ഇന്ററിനെ നിശബ്ദരാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ മാര്‍ക്കോ അര്‍ണോടോവിച്, 58ല്‍ ഡേവിഡ് ഫ്രറ്റെസി, 72ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ഇന്ററിനായി വല ചലിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും