കേരളം

ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം; അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഗാന്ധി ജയന്തി ഉള്‍പ്പെടെ പ്രവര്‍ത്തി ദിവസമാക്കും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തിലെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം. സ്‌കൂളുകളുടെ പ്രവര്‍ത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് അവധി ദിവസങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ തയ്യാറെടുക്കുന്നത്.

ഒരു അക്കാദമിക് വര്‍ഷം 220 പ്രവര്‍ത്തി ദിവസങ്ങളുണ്ടായിരിക്കണമെന്നാണ് 1959 ലെ കേരള വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വരുന്നതോടെ 190ല്‍ കുറവ് ദിവസം മാത്രമാണ് പ്രവര്‍ത്തി ദിവസമായി ലഭിക്കുന്നത്‌. ഇത് കൂടാതെ കലോത്സവവും, സ്‌കൂള്‍ മീറ്റുമെല്ലാം വരുന്നതോടെ പിന്നെയും സമയം പോകുന്നതായി
ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് കതിരൂര്‍ പറയുന്നു. 

ഓണം, ക്രിസ്തുമസ് അവധി വെട്ടിക്കുറയ്ക്കുന്നതോടൊപ്പം ശനിയാഴ്ചകളിലും ക്ലാസ് നടത്താനാണ് ഫെഡറേഷന്റെ തീരുമാനം.ഇതുകൂടാതെ ഗാന്ധി ജയന്തി ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളും പ്രവര്‍ത്തി ദിവസമാക്കും. അംഗീകാരം ലഭിക്കാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഈ മാറ്റം കൊണ്ടുവരാനുമാണ് ഫെഡറേഷന്റെ നീക്കം.

ഓണപ്പരീക്ഷയുടേയും, ക്രിസ്തുമസ് പരീക്ഷയുടേയും മൂല്യനിര്‍ണയത്തിനായാണ് പത്ത് ദിവസത്തെ അവധി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഓണം കഴിഞ്ഞ് ഓണപ്പരീക്ഷ നടത്തുന്ന സ്ഥിതിയാണ്. മാത്രമല്ല, 1959ല്‍ കെഇആര്‍ പ്രാബല്യത്തില്‍ വരുന്ന സമയത്ത് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. ഇപ്പോള്‍ ഡിവിഷനിലെ കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ മൂല്യ നിര്‍ണയത്തിന് അധ്യാപകര്‍ക്ക് അധികം ദിവസം വേണ്ടി വരുന്നില്ലെന്നും രാംദാസ് പറയുന്നു. 

കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന് കീഴില്‍ വരുന്ന 1600 സ്‌കൂളുകളില്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് രാംദാസ് കതിരൂര്‍ പറയുന്നത്. മഹത് വ്യക്തികളുടെ ജയന്തിയും, സമാധിയും പ്രമാണിച്ചുള്ള അവധി ദിവസങ്ങളില്‍ സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി കൂടി ആദരവ് പ്രകടിപ്പിച്ചതിന് ശേഷം ക്ലാസുകള്‍ നടത്താനാണ് ഫെഡറേഷന്റെ പദ്ധതി.

സര്‍ക്കാര്‍ നിലപാട്

എന്നാല്‍ സ്‌കൂളുകള്‍ക്ക് സ്വമേധയ പൊതു അവധി ദിവസങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജെസ്സി ജോസഫ് വ്യക്തമാക്കി. അവധി ദിവസങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തി ദിവസമാക്കിയാല്‍ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ആണെങ്കില്‍ കൂടി സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്ന് ജെസി ജോസഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍