കേരളം

ബ്ലൂവെയ്ല്‍ മൂലം ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ബ്ലൂവെയ്ല്‍ ഗെയിം മകന്റെ ജീവനെടുത്തത് സംബന്ധിച്ചുള്ള സരോജത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരന്‍ മനോജ് ബ്ലൂ വെയില്‍ ഗെയിമിന് അടിമപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകള്‍ പൊലീസ് തള്ളിക്കളയുകയാണ് ചെയ്തത്.

എന്നാല്‍ തന്റെ മകന്‍ മരിച്ചത് ബ്ലൂവെയ്ല്‍ ഗെയിം കളിച്ചാണെന്ന് വ്യക്തമാക്കിക്കൊണ്ട് അവന്റെ അമ്മ ഫേസ്ബുക്കിലിട്ട കുറിപ്പ് മുഖ്യമന്ത്രി ഷെയര്‍ ചെയ്തിരിക്കുകയാണ്. ബ്‌ലൂ വെയില്‍ പോലുള്ള ആത്മഹത്യ ഗെയിമുകള്‍ പുതിയ കാര്യമല്ലെന്ന് പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കിലാണ് സരോജം എന്ന അമ്മ കുറിപ്പെഴുതിയിരിക്കുന്നത്.

2006 ജൂലൈ 16 നാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറയുന്നു. മകന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍. ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം മകന്‍ തന്നെയാണ് ഗെയിമിനെക്കുറിച്ച് പറഞ്ഞതെന്ന് സരോജം പറയുന്നു. 

അവന്റെ കമ്പ്യൂട്ടര്‍ ഡെസ്‌ക്ക്‌ടോപ്പ് നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളായിരുന്നു. ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പു തന്നതുമാണ്. എന്നിട്ടും അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം നശിപ്പിച്ച് അവന്‍ പോയി.

ഇക്കാര്യങ്ങള്‍ പുറം ലോകത്തോട് വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്. പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത തന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ തന്റെ സ്വസ്ഥത ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ തന്റെ സ്വസ്ഥത കെടുത്തുന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെന്നും ആ അമ്മ പറയുന്നു. 

മനോജിന്റെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

കൂട്ടുകാരേ Blue Whale പോലുള്ള Suicide Games ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16- നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍ . അവന്‍റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു . . ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത് . അവന്‍റെ കമ്പ്യൂട്ടര്‍ desktop നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന്‍ ഉറപ്പു തന്നതുമാണ് . എന്നിട്ടും admins-ന്‍റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെ ല്ലാം delete ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട്‌ .വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ് .പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്‍റെ സ്വസ്ഥത കെടുത്തുന്നു . ആകെ തളരുന്നു .

2006-ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു .( ഇത് 2012-ല്‍ പ്രസിദ്ധീകരിച്ച "അച്ചുതണ്ടിലെ യാത്ര" എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)

അതേസമയം ഇന്റര്‍നെറ്റിന്റെ ഉപയോഗം ലോകത്തോടടുപ്പിക്കുകയും ജീവിതം സുഖരമാക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരം ചതിക്കുഴികള്‍ സൃഷ്ടിക്കുന്ന അപകടം വലുതാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ഞുങ്ങള്‍ ഇത്തരം അപകടത്തില്‍ പതിക്കാതിരിക്കാനുള്ള മുന്‍കൈ, കുരുക്കില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഇവയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഷെയര്‍ ചെയ്ത പോസ്റ്റ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്