കേരളം

ഐഎസില്‍ ചേര്‍ന്ന 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം; സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളംപേര്‍ സിറിയയിലുണ്ടെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിലെത്തിയ 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. എന്നാല്‍ ഇതില്‍ ഒരാളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് ദേശീയ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഐഎസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ട്. സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. 

കാസര്‍ഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്ന ഹഫീസുദ്ദീന്‍, യഹ്യ, മര്‍വാന്‍, മുര്‍ഷിദ് എന്നിവര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണംപാപ്പിനിശ്ശേരി ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലീം, കണ്ണൂര്‍ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം വാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടെ അബു താഹിര്‍, പാലക്കാട്ടെതന്നെ ഷിബി എന്നിവരും മരിച്ചതായി പൊലീസ് സ്തിരീകരിച്ചു. 

വളപട്ടണത്തെ മുഹമ്മദ് റിഫാലും കൊല്ലപ്പെട്ടതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. മറ്റുരണ്ടുപേര്‍കൂടി മരിച്ചതായി ചിലരെ ചോദ്യംചെയ്തപ്പോള്‍ സൂചന ലഭിച്ചെങ്കിലും തുടരന്വേഷണം നടത്തിയിട്ടില്ല. 

ഇവര്‍ക്കൊപ്പം സിറിയയിലേക്ക് പോയ എണ്‍പതോളം മലയാളികള്‍ ഐഎസിലുണ്ട് എന്നാണ് കണക്കാക്കുന്നത്. വളപട്ടണം ഗ്രൂപ്പില്‍ ഷമീറിന്റെ ഭാര്യ, രണ്ടുമക്കള്‍, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുള്‍ മനാഫ്, മൂന്നുമക്കള്‍, വളപട്ടണത്തെ തന്നെ ഷബീര്‍, ഭാര്യ  എന്നിവര്‍ ഇതിലുണ്ടെന്ന് കരുതുന്നു. 

കണ്ണൂര്‍ പെരിങ്ങത്തൂര്‍ കനകമല ഗ്രൂപ്പിലെ പത്തോളംപേര്‍, 'ബഹ്‌റൈന്‍' ഗ്രൂപ്പിലെ  പത്തോളംപേര്‍, കാസര്‍കോട് ഗ്രൂപ്പിലെ അവശേഷിക്കുന്ന 17 പേര്‍, ണ്ണൂര്‍ കൂടാളിയിലെ ഷാജഹാന്‍ ഗ്രൂപ്പിലെ എട്ടോളം പേര്‍ എന്നിവരും ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണമുണ്ട്. ഇവരില്‍ കുറേപ്പേര്‍ നാട്ടിലുണ്ട്. നിരീക്ഷണത്തിലുള്ള ഇവരില്‍നിന്ന് പോലീസ് വിശദമൊഴി എടുത്തിട്ടുണ്ട്. 

കേരളത്തിലെ ഐഎസ് തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയാണ് ഇവരെയെല്ലാം റിക്രൂട്ട് ചെയ്തത്. . മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്.ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു