കേരളം

കഴിഞ്ഞ വര്‍ഷത്തെ 135 മതംമാറ്റങ്ങളില്‍ 105ഉം 'ലവ് ജിഹാദ്' ; പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തില്‍ ഇസ്ലാമിലേക്കുള്ള മതം മാറ്റങ്ങളില്‍ എഴുപത്തിയഞ്ചു ശതമാനവും പ്രണയത്തിന്റെ തുടര്‍ച്ചയായി നടക്കുന്നവയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. 2016-17ല്‍ സംസ്ഥാനത്തു നടന്ന 135 മതം മാറ്റങ്ങളില്‍ 105ഉം പ്രണയത്തെത്തുടര്‍ന്നായിരുന്നുവെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 19നാണ് സ്‌പെഷല്‍ ഇന്റലിജന്‍സ് വിങ് തയാറാക്കിയ റിപ്പോര്‍ട്ട് ബെഹറയ്ക്കു കൈമാറിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി നേരത്തെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു നിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹറ രംഗത്തുവന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ് എന്നായിരുന്നു ബെഹറ മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് സ്‌പെഷല്‍ ഇന്റലിജന്‍സ് വിങ് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'അവിശ്വാസികളെ' ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ പ്രണയത്തെ ഒരുപകരണമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-17 കാലയളവില്‍ നടന്ന 135 മതം മാറ്റങ്ങളില്‍ 105ഉം പ്രണത്തിന്റെ തുടര്‍ച്ചയായി നടന്നപ്പോള്‍ 13 എണ്ണം കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച മൂലമാണുണ്ടായത്. മാനസിക ആസ്വാസ്ഥ്യമാണ് ഏഴു മതംമാറ്റങ്ങള്‍ക്ക് കാരണമായത്. ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യം മൂലം ഏഴു പേരാണ് മതം മാറിയത്. രണ്ടു പേര്‍ ദാരിദ്ര്യം മൂലം മതംമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിലുള്ള താല്‍പ്പര്യം മൂലം മതം മാറുന്നവരുടെ നിരക്ക് തുലോം കുറവാണെന്ന് സമഗ്രമായ അപഥനത്തില്‍ വ്യക്തമാണെന്ന് ഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മുപ്പത്തിയൊന്നാം പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം പോലെ സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് ഭൂരിപക്ഷം മതംമാറ്റങ്ങളുടെയും അടിസ്ഥാനം.

നിര്‍ബന്ധിത മതംമാറ്റങ്ങളെക്കുറിച്ചുള്ള വ്യാപകമായ പരാതികളുടെയും ഹിന്ദുമതത്തില്‍നിന്നും ക്രിസ്തുമതത്തില്‍നിന്നും ഇസ്ലാമിലേക്കു മാറിയവര്‍ ഐഎസില്‍ ചേരുന്നതിനു സിറിയയിലേക്കു പോയെന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയാറാക്കിയത്. 2016ലും 2017ലും നടന്ന മതം മാറ്റങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരമാക്കിയത്. നിര്‍ബന്ധിത മതം മാറ്റത്തെക്കുറിച്ചുള്ള പരാതികളും അവയിലേക്കു നയിച്ച സാഹചര്യങ്ങളും പരിശോധനാ വിഷയമാക്കിയെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മതംമാറ്റത്തിനു വിധേയമാകുന്നവരില്‍ നല്ലൊരു പങ്കും യാതൊരു രാഷ്ട്രീയ ആഭിമുഖ്യവും ഇല്ലാത്തവരാണ്. എന്നാല്‍ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരില്‍ ഭൂരിഭാഗവും സിപിഎമ്മിനോടു ചേര്‍ന്നു നില്‍ക്കുന്നവരാണ്. സിപിഎം പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും ഈഴവ സമുദായത്തില്‍നിന്ന് ഉള്ളവരായതും സംസ്ഥാനത്തെ ജനസംഖ്യയില്‍ 24 ശതമാനവും ഈഴവരായതും ഇതിനു കാരണമാവാമെന്നാണ് റിപ്പോര്‍ട്ട് അനുമാനിക്കുന്നത്. 

മതംമാറ്റത്തിനു വിധേയരാവുന്ന പുരുഷന്മാരില്‍ മദ്യപരും മയക്കുമരുന്നു ശീലമാക്കിയവരുമാണുള്ളത്. ഇവയില്‍നിന്നു മുക്തി നല്‍കാമെന്നു പറഞ്ഞ്, മതം മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന ദാവാ സ്‌ക്വാഡുകള്‍ ഇവരെ സമീപിക്കുകയാണ്. ഇവരുടെ കുടുംബങ്ങളില്‍നിന്ന് സ്വാഡിന് പൂര്‍ണ പിന്തുണ കിട്ടുന്നു. ഇതോടെ കുടുംബത്തെ ഒന്നാകെ മതം മാറ്റാന്‍ സ്‌ക്വാഡിന് അവസരമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

വടക്കന്‍ ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മതംമാറ്റുന്ന പ്രവണ ഏറിവരികയാണെന്നും ഇവരുടെ കാര്യത്തില്‍ ഹിന്ദു മൗലികവാദ സംഘടനകള്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ പരാതികള്‍ ഉയരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതംമാറ്റങ്ങള്‍ ഹിന്ദു മുസ്ലിം സംഘര്‍ഷത്തിലേക്കു നയിച്ചേക്കുമെന്നും അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പു നല്‍കിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു