കേരളം

കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ജയരാജന്‍, സിബിഐക്കെതിരെ നിയമ നടപടി സ്വീകരിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്ന സിബിഐ നടപടി ഇതാണ് തെളിയിക്കുന്നതെന്ന് ജയരാജന്‍ പ്രതികരിച്ചു. സിബിഐക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു. 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ പി.ജയരാജനെ മുഖ്യ ആസൂത്രകനാക്കിയാണ് സിബിഐ കുറ്റപത്രം. ജയരാജനെ കൂടാതെ മറ്റ് ആറ് പേരെയും ഉള്‍പ്പെടുത്തിയാണ് തലശേരി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്ന അവസാന അന്വേഷണ റിപ്പോര്‍ട്ടില്‍ 25 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 25ാം പ്രതിയാണ് ജയരാജന്‍ എങ്കിലും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് ജയരാജന്‍ എന്നുള്‍പ്പെടെ ശക്തമായ വാദങ്ങളാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്.

ഒന്നാം പ്രതിയായ വിക്രമനുമായി ജയരാജന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി. മനോജിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ജയരാജനാണ്. കൊലപാതകത്തിലൂടെ കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം എത്തിയപ്പോള്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച് വഴി തിരിച്ച് വിടാനാണ് ജയരാജന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. 

2014 സെപ്തംബര്‍ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെടുന്നത്. തലശേരിയിലേക്ക് ഒംനി വാനില്‍ പോകവെ ബോംബെറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി