കേരളം

ആഴ്ചകളോളം പട്ടിണി കിടക്കേണ്ടിവന്നത് ചോദ്യം ചെയ്ത പട്ടാളക്കാരനെ തടവിലിട്ട് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുടിക്കാന്‍ വെള്ളംപോലും കിട്ടാതെ ആഴ്ചകളോളം അതിര്‍ത്തിയില്‍ ജോലി ചെയ്യേണ്ടി വന്നതിനെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപെട്ടതിന് പട്ടാളക്കാരനുനേരെ മേലധികാരികളുടെ പ്രതികാരനടപടി. ആലപ്പുഴ ആര്യനാട് സ്വദേശി ഷിബിന്‍ തോമസിനെയാണ് മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ച് തടവിലിട്ടിരിക്കുന്നത്. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ഷിബിന്റെ ഭാര്യ സോഫിയ പറയുന്നു.
ബി.എസ്.എഫില്‍ 13 വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച ഷിബിന്‍ 2015ല്‍ വിവരാവകാശപ്രകാരം വിവരങ്ങള്‍ അറിയുന്നതിന് ഒരു അപേക്ഷ കൊടുത്തതോടെയാണ് മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടായി മാറിയത്. ആഴ്ചകളോളം അതിര്‍ത്തിയില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയേണ്ടിവന്നതിനെത്തുടര്‍ന്ന് ഷിബിന്‍ അവശനിലയിലായി. വെള്ളം വേണമെങ്കില്‍ വില കൊടുത്ത് വാങ്ങിക്കുടിക്കണം എന്നടക്കം മേലധികാരികളുടെ ഭാഗത്തുനിന്നും വിശദീകരണമുണ്ടായപ്പോള്‍ ഷിബിന്‍ സൈനികന്റെ അവകാശങ്ങളെക്കുറിച്ച് വിവരാവകാശനിയമപ്രകാരം ചോദിച്ചറിയാന്‍ തീരുമാനിച്ചു. ഇതോടെയാണ് മേലുദ്യോഗസ്ഥര്‍ പകപോക്കല്‍ ആരംഭിച്ചതെന്നാണ് ഭാര്യ സോഫിയ പറയുന്നു.
മേലുദ്യോഗസ്ഥരെ ധിക്കരിച്ചു എന്നടക്കമുള്ള കുറ്റം ആരോപിച്ച് 2016ല്‍ ഷിബിന്‍ തോമസിനെ ബി.എസ്.എഫില്‍നിന്നും പിരിച്ചുവിട്ടു. ഇത് ചോദ്യം ചെയ്ത് പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ഷിബിന്റെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2016 നവംബറില്‍ ഷിബിനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ 41-ാം ബറ്റാലിയനില്‍നിന്നും 28-ാം ബറ്റാലിയനിലേക്ക് ഷിബിനെ മാറ്റി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിയോഗിച്ചു. ഈ സമയത്ത് ഡെപ്യൂട്ടി കമാന്റന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയായിരുന്നു.
അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഡെപ്യൂട്ടി കമാന്റന്റ് ഷിബിന്റെ മുന്നിലേക്ക് ഒരു കടലാസ് നീട്ടി ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിലെന്താണ് എഴുതിയത് എന്ന് അറിയാതെ ഒപ്പിടാന്‍ പറ്റില്ലെന്നു പറഞ്ഞ ഷിബിനെ മര്‍ദ്ദിക്കുകയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വിളിച്ച് വീട്ടിലേക്ക് പറയുന്നതിനിടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ഷിബിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഭാര്യ പറയുന്നത്. പിന്നീട് വിളിച്ചാല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. തടവിലാക്കപ്പെട്ട തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം പരാതികള്‍ അയക്കാനുള്ള ഒരുക്കത്തിലാണ് സോഫിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ