കേരളം

ബിജെപിക്കെതിരെ വെള്ളാപ്പള്ളി; ഓരോരുത്തരും കോഴ വാങ്ങിയിട്ടുണ്ട്, കിട്ടാത്തവന്‍ കിട്ടിയവനെ കുടുക്കി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബിജെപി കേരള നേതൃത്വത്തിന്റെ  കോഴയിടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപമാനമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോദിയെ കേരള നേതൃത്വം അപമാനിച്ചു. കേരളഘടകം അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോദിയാണ്. നരേന്ദ്ര മോദിയും അമിത് ഷായും കേരള ഘടകത്തെ ശുദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കേരള ബിജെപിയിലെ പല നേതാക്കളും അവരുടെ സ്വന്തം കാര്യം നേടാന്‍ വേണ്ടി നടക്കുന്നവരാണ്. ഈ വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുവന്നത്? ഇവര്‍ തമ്മിലുള്ള കിടമത്സരമാണ് പ്രശ്‌നം പുറത്തെത്തിച്ചത്. ഓരോരുത്തരും മേടിച്ചിട്ടുണ്ട്,അതില്‍ വേണ്ടത്ര കിട്ടാത്തവന്‍ കിട്ടിയവനെ പിടിക്കാന്‍ വേണ്ടി ചാരപ്രവര്‍ത്തി നടത്തി അത് പുറത്തുകൊണ്ടുവന്നു. 

കേന്ദ്ര നേതൃത്വം കാര്യമായി ഇടപെട്ട് കേരള ബിജെപിയില്‍ അടിമുടി അഴിച്ചുപണി നടത്തണം. അതിന് തയ്യാറായില്ലെങ്കില്‍ കേരളത്തില്‍ ബിജെപി ഒരുകാരണവശാലും മുളയ്ക്കില്ല,നന്നാകില്ല, വെള്ളാപ്പള്ളി പറഞ്ഞു. 

കൊടുത്തത് കൊടുത്തില്ലായെന്ന് പരാതിക്കാരനെ കൊണ്ട് പറയിപ്പിച്ചില്ലേ, ഇതെല്ലാം മൂടിവെക്കാനുള്ള തന്ത്രങ്ങളാണ് നടക്കുന്നത്. എത്ര മൂടിവെച്ചാലും ജനങ്ങള്‍ക്കറിയാം കോടികളുടെ മറിവും തിരിവും നടന്നിട്ടുണ്ടെന്ന്. അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് ഘടകകക്ഷിയാണെന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ ഇവിടുത്തെ ബിജെപിക്കാര്‍ അത് അംഗീകരിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇവിടുത്തെ ബിജെപിക്കാര്‍ ബിഡിജെഎസിനെ കൂടെക്കൂട്ടി എന്തെങ്കിലും ഒരു മൂവ്‌മെന്റ് ഉണ്ടായക്കിയിട്ടുണ്ടോ, ഇവിടെ ഞാനും വേലനും മതിയെന്നാണ് ഇവിടുത്തെ ബിജെപിക്കാര്‍ പറയുന്നത്. ഇങ്ങനെയാണ് തുടരുന്നതെങ്കില്‍ ബിഡിജെഎസ് ബിജെപിക്കൊപ്പം നില്‍ക്കുന്നതില്‍ ഒരു രാഷ്ട്രീയ നേട്ടവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത