കേരളം

 ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും അഴിമതി നടന്നു;പിരിച്ചെടുത്തത് കോടികളെന്ന് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മെഡിക്കല്‍ കോഴ വിവാദം വന്നതിന് പിന്നാലെ കേരള ബിജെപി ഘടകത്തിനെതിരെ അഴിമതി നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ നടത്തിപ്പിലടക്കം അഴിമതി നടന്നുവെന്ന് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചു. 
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലാ കമ്മറ്റികള്‍ക്കെതിരെ കേന്ദ്രത്തിന് കൃത്യമായ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തൃശ്ശൂര്‍, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സംശയത്തിന്റെ നിഴലിലാണ്. 

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരിവിന് മറവില്‍ നേതാക്കള്‍ വന്‍ സാമ്പത്തിക തട്ടിപ്പ്  നടത്തിയെന്നാണ് പരാതി.ഒരു നിയന്ത്രണവുമില്ലാതെ കോടികള്‍ പിരിച്ചെടുത്തുവെന്ന് കേന്ദ്ര നേതൃത്വത്തിന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാനത്തെത്തും എന്നുമറിയുന്നു. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. 

പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.വിവാദമാകുന്നതിനുമുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്.ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടി ഫണ്ടിന് വീടുകള്‍തോറും ഒരുരൂപ ഫണ്ട് സ്വീകരിക്കുന്നതിന് പകരം ജില്ലാ നേതൃത്വങ്ങള്‍ സമ്പന്നരില്‍ നിന്നും വന്‍തുക വാങ്ങി പിരിവ് അവസാനിപ്പിച്ചതിലും കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി