കേരളം

ചിറകു വിരിക്കാത്ത കിഫ്ബിയില്‍ പറക്കാന്‍ കേരളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനഭാരം മുഴുവന്‍ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് കയറ്റിവയ്ക്കുന്നത് ഇനിയും ചിറകുവിരിച്ചിട്ടില്ലാത്ത കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡില്‍. വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം ലഭ്യമാക്കുന്നതിനു പ്രാപ്തമാക്കും വിധം സര്‍ക്കാര്‍ കിഫ്ബിയെ രൂപപ്പെടുത്തിയത് ആറു മാസം മുമ്പു മാത്രമാണ്. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ കിഫ്ബി ബോര്‍ഡ് പൂര്‍ണതോതില്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബജറ്റില്‍ നിര്‍ദേശിക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി കിഫ്ബിക്ക് എങ്ങനെ മുന്നോട്ടുകൊണ്ടുപോവാനാവും എന്ന സംശയവും ഉയരുന്നുണ്ട്.

ഇരുപത്തി അയ്യായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ കിഫ്ബിയുടെ പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പരമ്പരാഗത പദ്ധതി ഇരുപത്തി നാലായിരം കോടിയാണ്.  കിഫ്ബിയുടെ പ്രധാന വരുമാന മാര്‍ഗം മോട്ടോര്‍വാഹന നികുതിയായിരിക്കും എന്നാണ് കഴിഞ്ഞ ബജറ്റില്‍ ഈ സംവിധാനം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചത്. ആദ്യ വര്‍ഷം മോട്ടോര്‍ വാഹന നികുതിയുടെ പത്തു ശതമാനവും രണ്ടാം വര്‍ഷം ഇരുപതു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പത്തു ശതമാനം വച്ച് അധികവും കിഫ്ബിക്കു നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ചു വര്‍ഷം കൊണ്ട് അന്‍പതിനായിരം കോടി വരെ മൂലധനം സമാഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 

പദ്ധതികള്‍ ഏറെയും കിഫ്ബിയുടെ അക്കൗണ്ടില്‍ പെടുത്തിയ ധനമന്ത്രി ഇത്തവണ മൂലധന സമാഹരണത്തിന്  പുതിയൊരു നിര്‍ദേശം കൂടി മുന്നോട്ടുവച്ചിട്ടുണ്ട്. കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിച്ച് ആ തുക കിഫ്ബിയുടെ ബോണ്ടുകളില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശം. ജൂണില്‍ തന്നെ ചിട്ടി തുടങ്ങുമെന്നും ഒരു ലക്ഷം പ്രവാസികളെ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അധിക നികുതിയിലൂടെ ലഭിക്കുന്ന വരുമാനവും പ്രവാസി ചിട്ടിയില്‍നിന്നുള്ള തുകയുമായിരിക്കും കിഫ്ബിയുടെ മൂലധന സമാഹരണ മാര്‍ഗങ്ങള്‍. 

പൂര്‍ണമായും പ്രവര്‍ത്തന സജ്ജമല്ലാത്ത ഒരു സംവിധാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച ധനമന്ത്രിയുടെ നടപടിക്കെതിരെ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ളതല്ലെന്ന വ്യാഖാനങ്ങള്‍ക്ക് ഇട നല്‍കുന്നതാണ് ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന പദ്ധതികളെല്ലാം ആസൂത്രണത്തിനു പുറത്തേക്കു കൊണ്ടുപോവുക എന്ന നിയോ ലിബറല്‍ തന്ത്രമാണ് ധനമന്ത്രി പയറ്റുന്നതെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. കിഫ്ബിയുടെ പദ്ധതികള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ അനുമതി നേടേണ്ടതില്ല. പദ്ധതി വിഹിതത്തിന് ആനുപാതികമായി അവശ വിഭാഗങ്ങള്‍ക്കുള്ള വകയിരുത്തല്‍ വേണമെന്ന ബാധ്യതയും കിഫ്ബിയില്‍ ഒഴിവാക്കാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്