കേരളം

ശ്രീറാം വെങ്കിട്ടറാം തെറിക്കുമോ?, സിപിഎം സമരം നിര്‍ത്തി; ഉറപ്പുകിട്ടിയെന്ന് നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ നീക്കണം എന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം സംഘടനയായ കര്‍ഷക സംഘം നടത്തിവന്ന സമരം പിന്‍വലിച്ചു. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യത്തിന് അനുകൂല തീരുമാനമുണ്ടാവുമെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

സബ്കലക്ടറെ നീക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അതേസമയം ഇക്കാര്യത്തില്‍ അനൗപചാരികമായി ചര്‍ച്ചകള്‍ നടന്നതായി സൂചനകളുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത് എന്നാണ് അറിയുന്നത്.

സബ് കലക്ടറെ നീക്കണം എന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ശക്തമായി രംഗത്തുവന്നിരുന്നു. കലക്ടര്‍ ജനജീവിതം ദുസ്സഹമാക്കും വിധം നടപടികള്‍ സ്വീകരിക്കുന്നു എന്നായിരുന്നു എംഎല്‍എയുടെ പരാതി. വീടുകള്‍ പണിയുന്നതിന് എന്‍ഒസി നല്‍കുന്നില്ല, പട്ടയം നല്‍കുന്ന നടപടികള്‍ താമസിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും എംഎല്‍എയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. സബ് കലക്ടറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍  ഏകപക്ഷീയ നടപടികള്‍ നിര്‍ത്തണം എന്നതാണ് ആവശ്യമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍  പറഞ്ഞിരുന്നു.

ഇതിനിടെ സബ് കലക്ടറെ നീക്കുന്ന കാര്യം സിപിഎം സിപിഐ തര്‍ക്കത്തിനും ഇടവച്ചു. സബ് കലക്ടറെ നീക്കില്ലെന്ന ഉറച്ച നിലപാടാണ് റവന്യു വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഐ സ്വീകരിച്ചത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയതു. എന്നാല്‍ സബ്കലക്ടറുടെ മാറ്റം പൊതുഭരണ വകുപ്പിനു കീഴില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ റവന്യു വകുപ്പിനു കാര്യമൊന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്