കേരളം

കുടിവെള്ള കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത് തടയണമെന്ന് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടിവെള്ള കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത് ശക്തമായ നിയമങ്ങളാല്‍ തടയണമെന്ന് പരിസ്ഥിതി സാക്ഷരതാ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണമാണ് ഭൂരിഭാഗം പേരും പ്രധാന പ്രശ്‌നമായി കാണുന്നത്. ജലസംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്താത്തതും, മഴവെള്ളം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കാത്തതും   ജലക്ഷാമം രൂക്ഷമാക്കാന്‍ ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ജനങ്ങളുടെ പങ്കാളിത്തത്തോടെയും പിന്തുണയോടെയും നടത്തിയ സര്‍വേയില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങള്‍,  പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഗുരുതരമായ പരിസ്ഥിതി ആഘാത പ്രശ്‌നങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പരിസ്ഥിതി അവബോധ നിലവാര പഠനം നടത്തിയത്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്. മന്ത്രിമാര്‍, എംഎല്‍ എമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളായി. 13,284 വീടുകളിലാണ് സര്‍വേ നടത്തിയത്. 42,228 പേര്‍ സര്‍വേയില്‍ പങ്കെടുത്ത് വിവരങ്ങള്‍ നല്‍കി. 1,42,720 പേരുടെ സന്നദ്ധസേവനം  പ്രയോജനപ്പെടുത്തി. പൊതുവിഭാഗങ്ങളില്‍പ്പെട്ടവര്‍ കൂടാതെ പട്ടികജാതി വിഭാഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍, തമിഴ് ന്യൂനപക്ഷ വിഭാഗങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗം, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരെല്ലാം  സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

സര്‍വേ പ്രകാരം കേരളത്തിലെ ഗാര്‍ഹിക മാലിന്യങ്ങളില്‍ 32.32 ശതമാനം പേര്‍ വീട്ടുവളപ്പില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. 26.30 ശതമാനം ദൂരെ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നതായി പറയുന്നു. ബയോഗ്യാസ് നിര്‍മാണത്തിനും മറ്റ് സംസ്‌കരണ രീതിയിലേക്കുമായി മാലിന്യം മാറ്റി വയ്ക്കുന്നത് 14.74 ശതമാനം മാത്രമാണ്. 12.50 ശതമാനം മാലിന്യം കത്തിക്കുകയും ചെയ്യുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്. 
അനധികൃതമായ മണലൂറ്റ് നടക്കുന്നുവെന്ന് 63.69 ശതമാനവും, അനധികൃത പാറഖനനം നടക്കുന്നുവെന്ന് 59.61 ശതമാനവും, വയല്‍ നികത്തുന്നതായി 67.87 ശതമാനവും അഭിപ്രായപ്പെട്ടു. 59.90 ശതമാനം പേര്‍ ജലസ്രോതസ്സുകള്‍ നികത്തുന്നതായും, 59.62 ശതമാനം തീരം കൈയ്യേറുന്നതായും അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ ശബ്ദ മലിനീകരണം അനുഭവപ്പെടുന്നതായി 69.75 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കരിമണല്‍ ഖനനം, അനധികൃത ഫാക്ടറി, ഫഌറ്റ് നിര്‍മ്മാണം എന്നിവ മലിനീകരണത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി