കേരളം

നോട്ടുനിരോധനം: പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് തോമസ് ഐസക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നോട്ടുനിരോധനം സംബന്ധിച്ച് ഉയര്‍ന്ന നിയമപ്രശ്‌നങ്ങള്‍ക്ക് സുപ്രീംകോടതി ഉടന്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. കറന്‍സിയുടെ വിശ്വാസ്യത ഒറ്റയടിക്ക് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് അധികാരമില്ല. കഴിഞ്ഞ നവംബര്‍ എട്ടിനു നടന്നത് മോദിയുടെ അമിതാധികാരപ്രയോഗമാണ്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി രാജ്യത്തിനും ജനതയ്ക്കും മേല്‍ നടത്തുന്ന ഇത്തരം അമിതാധികാരപ്രയോഗങ്ങള്‍ തടയാനും ചെറുക്കാനും പ്രതിവിധിയുണ്ടാക്കാനും സുപ്രിംകോടതിയ്ക്കു കടമയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ശ്രമം നമ്മുടെ പരമാധികാര കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നോട്ടുകള്‍ അസാധുവാക്കാന്‍ നിയമപരമായി റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ വേണം. അങ്ങനെയൊരു ശിപാര്‍ശ ആര്‍ബിഐ നല്‍കിയിട്ടില്ല. മാത്രമല്ല, തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് നോട്ടു നിരോധിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അത്തരം കൂടിയാലോചനകള്‍ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല, ഒരു സ്ഥാപനമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന് ഒരു നിലപാടാണ് ഉണ്ടാകേണ്ടത്. അത്തരം നിലപാടുകള്‍ കൈക്കൊള്ളാനുള്ള ബാങ്കിന്റെ സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊടുന്നനെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന്റെ നിയമപരമായ നിലനില്‍പ്പു സംബന്ധിച്ച് സുപ്രിംകോടതിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതേവരെ തീര്‍പ്പുണ്ടാകാത്തത് അത്യന്തം ഖേദകരമാണ്. കറന്‍സിയുടെ വിശ്വാസ്യത ഒറ്റയടിക്ക് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് അധികാരമില്ല. കഴിഞ്ഞ നവംബര്‍ എട്ടിനു നടന്നത് മോദിയുടെ അമിതാധികാരപ്രയോഗമാണ്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി രാജ്യത്തിനും ജനതയ്ക്കും മേല്‍ നടത്തുന്ന ഇത്തരം അമിതാധികാരപ്രയോഗങ്ങള്‍ തടയാനും ചെറുക്കാനും പ്രതിവിധിയുണ്ടാക്കാനും സുപ്രിംകോടതിയ്ക്കു കടമയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ശ്രമം നമ്മുടെ പരമാധികാര കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതായത്, കറന്‍സിയിലും നിയമവ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് പ്രധാനമന്ത്രി ഒറ്റയടിക്കു തകര്‍ത്തു കളഞ്ഞത്.

നോട്ടുകളുടെ മൂല്യം അസാധുവാക്കേണ്ടതെങ്ങനെയെന്ന് 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ടിലെ 26(2) വകുപ്പിലാണ് വ്യവസ്ഥയുള്ളത്. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ശിപാര്‍ശയനുസരിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴിയാണ് നോട്ടുകള്‍ അസാധുവാക്കേണ്ടത്. എന്നു മുതലാണ് നോട്ടുകള്‍ അസാധുവാകുന്നത് എന്ന് നോട്ടിഫിക്കേഷനില്‍ മുന്‍കൂട്ടി പറഞ്ഞിരിക്കണം. അതായത്, പൌരന്റെ കൈവശമിരിക്കുന്ന കറന്‍സി ഒരു നടപ്പാതിരിയ്ക്ക് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് അവകാശമോ അധികാരമോ ഇല്ല.

നോട്ടുകള്‍ അസാധുവാക്കാന്‍ നിയമപരമായി റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ വേണം. അങ്ങനെയൊരു ശിപാര്‍ശ ആര്‍ബിഐ നല്‍കിയിട്ടില്ല. മാത്രമല്ല, തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് നോട്ടു നിരോധിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അത്തരം കൂടിയാലോചനകള്‍ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല, ഒരു സ്ഥാപനമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന് ഒരു നിലപാടാണ് ഉണ്ടാകേണ്ടത്. അത്തരം നിലപാടുകള്‍ കൈക്കൊള്ളാനുള്ള ബാങ്കിന്റെ സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തത്. അതുവഴി റിസര്‍വ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പുതന്നെ അസാധുവാക്കി.

ഇത്തരത്തില്‍ ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരുമാനമായിരുന്നു നവംബര്‍ എട്ട് നട്ടപ്പാതിരയ്ക്കു നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. അതുമായി ബന്ധപ്പെട്ട ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാകണം. സുപ്രിംകോടതി നിയമപരമായ ഈ ചുമതല എത്രയും വേഗം നിര്‍വഹിക്കണം.

മോദിയുടെ അമിതാധികാരപ്രയോഗം ഭീമമായ ദേശീയ നഷ്ടത്തിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. അതിന്റെ ഉത്തരവാദികളെ നിയമത്തിന്റെ പരിശോധനയ്ക്കു വിധേയമാകണം. എത്രയും വേഗം നോട്ടു നിരോധനം സംബന്ധിച്ചുണ്ടായ പൊതുതാല്‍പര്യ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്