കേരളം

ഇടതുപക്ഷം എന്നും സവര്‍ണര്‍ക്കൊപ്പം; സിപിഎമ്മിനും സംഘപരിവാറിനും ഒരേ ശബ്ദം; സതി അങ്കമാലി

സതി അങ്കമാലി

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് ദലിത് സാമൂഹ്യ പ്രവര്‍ത്തക സതി അങ്കമാലി സംസാരിക്കുന്നു.

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരുകാര്യം ഇടതുപക്ഷം അനുകൂലിക്കുന്നത് ജാതി സംവരണത്തെയല്ല എന്നതാണ്. മറിച്ച് സാമ്പത്തിക സംവരണത്തെയാണ് അവര്‍ അനുകൂലിച്ചുവരുന്നത്. പാവപ്പെട്ടവരും പണക്കാരും എന്ന വര്‍ഗസിദ്ധാന്തത്തില്‍ത്തന്നെ ഉറച്ചു നിന്നു നോക്കുമ്പോള്‍ അത് തെറ്റാവണം എന്നില്ല. പക്ഷേ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അത് എത്രമാത്രം ശരിയാണ് എന്നകാര്യമാണ് ചിന്തിക്കേണ്ടത്. സാമ്പത്തിക സംവരണമാണ് ആവശ്യം എന്ന ഇഎംഎസ് അടക്കമുള്ള നേതാക്കളുടെ  ആ നയത്തിന്റെ നടത്തിപ്പാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം നടപ്പാക്കല്‍. 

ഇടതുപക്ഷവും സംഘപരിവാറും ഇപ്പോള്‍ സംസാരിക്കുന്നത് ഒരേശബ്ദത്തിലാണ്. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സംവരണം എന്നത് സാമ്പത്തിക ഉന്നമനത്തിനായി ഉള്ളതല്ല, മറിച്ച് ജനതയുടെ സാമൂഹ്യ ഉന്നമനത്തിനുള്ളതാണ്. 

ഒരു പൗരന്റെ പ്രതിശീര്‍ഷ വരുമാനം കൂട്ടുവാന്‍ വേണ്ടി സര്‍ക്കാര്‍ സഹായിക്കുന്നതല്ല സംവരണം, സാമൂഹ്യ നീതിയുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ
പ്രതിനിധാന രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശം. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതിയെ അഡ്രസ് ചെയ്തിട്ടില്ല. ആ പാര്‍ട്ടികളാണ് മുന്നോക്ക വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത്.

ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു തന്നെയാണ്. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപപനം വ്യക്തമായ ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ് ഇവിടെ. ദലിതനെ പൂജാരിയാക്കിയതിന്റെ പേരില്‍ സമരം നടത്തിയ ഒരു സമൂഹത്തിലാണ് സാമ്പത്തിക സംവരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതുകൂടി ഓര്‍ക്കണം. 

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ജാതിസംവരണം അട്ടിറിക്കാനുള്ള പലതരത്തിലുള്ള നീക്കങ്ങളും നടന്നിട്ടുള്ളതായി നമുക്ക് കാണാന്‍ സാധിക്കും. ഏതു പൊലുമേഖലാ സ്ഥാപനം എടുത്തു പരിശോധിച്ചാലും അവിടെയെല്ലാം മുന്നോക്ക വിഭാഗങ്ങള്‍ തന്നെയാണ് കൂടുതല്‍. ദേവസ്വം ബോര്‍ഡ് തന്നെയെടുത്ത് പരിശോധിച്ചു നോക്കു, അവിടെ തൊണ്ണൂറ് ശതമാനവും മുന്നോക്ക വിഭാഗക്കാരാണ്. വെറും പത്തു ശതമാനമാണ് പിന്നോക്ക വിഭാഗക്കാര്‍ ഉള്ളത്. ജാതി സംവരണത്തെ എതിര്‍ക്കുന്ന നിഷ്പക്ഷര്‍ ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കുകയാണ്. ജാതി സംവരണമല്ല, സാമ്പത്തിക സംവരണാണ് വേണ്ടത് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വാദിക്കുമ്പോള്‍ സംഘപരിവാര്‍ അജണ്ടകളെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. 

ഇന്ത്യയില്‍ ക്യാപിറ്റല്‍ എന്നുപറയുന്നത് പണമല്ല,കാസ്സ്റ്റാണ്. അതു മനസ്സിലാക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചില്ല.  ഒരേ വരുമാനമുള്ള ബ്രാഹ്മണനും ദലിതനും സമൂഹത്തില്‍ ലഭിക്കുന്ന പരിഗണന ഇപ്പോഴും രണ്ടുതരത്തിലാണ്. അത് മാറാതെ നമ്മുടെ സമൂഹം ജനാധിപത്യ
സമൂഹം ആകില്ല. ഈ അന്തരത്തെ കുറയ്ക്കാനാണ് സംവരണം നടപ്പാക്കുന്നത്. ഇത് നമ്മുടെ ഭരണാധികാരികള്‍  മറക്കുന്നു. 

ഇന്ത്യന്‍ ഭരണഘടനയുടെ പോളിസി എന്താണ് എന്ന് ഭരണകര്‍ത്താക്കള്‍ എങ്കിലും മനസ്സിലാക്കണ്ടതല്ലേ? സോഷ്യല്‍ മീഡിയയിലൊക്കെ ജാതിസംവരണ വിരുദ്ധ പോസ്റ്റുകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദലിതര്‍ക്ക് സംവരണം നല്‍കുന്നതുകൊണ്ടാണ് മുന്നോക്ക വിഭാഗക്കാര്‍ക്ക് ജോലി ലഭിക്കാത്തതും അഡ്മിഷന്‍ ലഭിക്കാത്തും എന്നൊക്കെയാണ് വാദം.  ഈ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്ര ദലിതര്‍,എത്ര ആദിവാസികള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വിശദമായി പഠിക്കുകയാണ്. 

സാമൂഹ്യ നീതുയമായി ബന്ധപ്പെട്ട സംവരണ വിഷയം എത്ര അപക്വമായാണ് സര്‍ക്കാരുകള്‍ കൈകാര്യ ചെയ്യുന്നത് എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം. 

ദലിതരുടേയും ആദിവാസികളുടേയും വിഷയങ്ങളില്‍ മാത്രമാണ് സര്‍ക്കാരുകള്‍ ഇത്രയും അലംഭാവം കാണിക്കുന്നത്. സവര്‍ണ ജാതിക്കാരെ പ്രീതിപ്പെടുത്തി നിര്‍ത്താതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന സര്‍ക്കാരുകളാണ് എക്കാലവും നമുക്കുണ്ടായിട്ടുള്ളത്. ഈ സര്‍ക്കാരും അതില്‍ നിന്ന് മുക്തമല്ല എന്നാണ് ഇവരുടെ പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത്. 

കോണ്‍ഗ്രസ് ഒരുകാലത്തും അധികാര സമൂഹത്തെ അഴിച്ചു പണിയാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതേരീതിയിലാണ് നീങ്ങുന്നത്. പികെഎസ് പോലുള്ള സംഘടനകള്‍ ഇതിനെതിരെ ഒന്നും മിണ്ടിയിട്ടില്ല എന്നുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അവര്‍ക്ക് ശബ്ദിക്കാന്‍ സാധിക്കില്ല എന്നത് മറ്റൊരു സത്യമായി അംഗീകരിക്കുന്നുവെങ്കിലും ഒരു ചെറു പ്രതിഷേധം പോലും ഈ വിഷയത്തില്‍ അവര്‍ ഉയര്‍ത്താത്ത് അത്ഭുതപ്പെടുത്തുന്നു. സിപിഎമ്മിന്റെ ദലിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയുന്ന എല്ലാവരും പാര്‍ട്ടിക്ക് പുറത്തുപോകും എന്നത് മറ്റൊരു വസ്തുത. 

ഇവിടുത്തെ പ്രബല കമ്മ്യൂണിറ്റികള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന പൊളിറ്റിക്കല്‍ പാര്‍ട്ടികളും. അതൊരു സത്യമാണ്. എല്ലാക്കാലത്തും സാമ്പത്തികവും സാമൂഹികവുമായ അധികാരങ്ങള്‍ നേടിയെടുക്കാന്‍ ഈ പ്രബല വിഭാഗദങ്ങളെ ഭരണകൂടങ്ങള്‍ സഹായിച്ചിട്ടുണ്ട്. അന്നും ഇന്നും പുറത്തു നില്‍ക്കുന്നത് ആദിവാസികളും ദലിതരുമാണ്.അതാണ് പറഞ്ഞത് ഇടതുപാര്‍ട്ടികള്‍ എന്നും സവര്‍ണര്‍ക്കൊപ്പമാണ് എന്ന്.

ജാതി സംവരണ വിരുദ്ധര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്,അംബേദ്കര്‍ തന്നെ സംവരണം എടുത്തുകളയണം എന്നു പറഞ്ഞു എന്നത്. സാമൂഹ്യ നീതി സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അത് പറയുന്നത്.അതായത് എല്ലാവരും തുല്യനീതിയില്‍ എത്തിക്കഴിയുമ്പോള്‍ സംവരണം എടുത്തുകളയാം എന്ന്. എന്നാല്‍ നമ്മുടെ രാജ്യം ഇന്ന് തുല്യ സാമൂഹ്യ നീതിയില്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഒരു ജനാധിപത്യ വഴിനടത്തിപ്പില്‍ നമ്മളത് കൂടുതലായി ചര്‍ച്ച ചെയ്യേണ്ടതല്ലേ?  

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്നത് കേവലമായിട്ടുള്ള സാമ്പത്തിക സഹായമല്ല, മറിച്ച് എല്ലാത്തരത്തിലുമുള്ള അധികാര വിതരണം തന്നെയാണത്.

ഈ പ്രശ്‌നങ്ങള്‍ എല്ലാം കൃത്യമായി അഡ്രസ് ചെയ്യാന്‍ സാധിക്കുന്ന, പിന്നോക്ക വിഭാഗങ്ങളിലൂന്നിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപംകൊള്ളാതെ,ആ പാര്‍ട്ടി അധികാരം പിടിച്ചെടുക്കാതെ  ഈ അസമത്വങ്ങള്‍ ഒന്നുതന്നെ മാറാന്‍ പോകുന്നില്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ക്ഷേമ രാഷ്ട്രത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ ദലിത്, ആദിവാസി,മത്സ്യബന്ധന മറ്റിതര പിന്നോക്ക വിഭാഗങ്ങളുടെ ആഭ്യന്തരത്തിലൂന്നിയ ഒരു രാഷ്ട്രീയത്തിനെ സാധ്യമാകു. ബഹുസ്വരതയിലൂന്നിയ അത്തരം രാഷ്ട്രീയത്തിന് മാത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ടുനയിക്കാന്‍ സാധ്യമാകുക.അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇനി മാറും എന്നൊന്നും പ്രതീക്ഷയില്ല.  പ്രീണനം നടത്തി എത്രനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കും എന്നതാണ് പ്രസക്തമാകുന്ന മറ്റൊരു ചോദ്യം. 

തയ്യാറാക്കിയത്: വിഷ്ണു എസ് വിജയന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി